വിരാട് കോഹ്‌ലിക്ക് ഭാരതരത്ന നൽകണം: സുരേഷ് റെയ്ന

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന് മുൻ സഹതാരം സുരേഷ് റെയ്‌ന. ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഏറ്റവും ഉയർന്ന പുരസ്കാരം കോഹ്‌ലിക്ക് നൽകണമെന്നാണ് സുരേഷ് റെയ്ന പറഞ്ഞത്. ജിയോ ഹോട്ട്സ്റ്റാറിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
ഇതിഹാസ താരമായ സചിൻ തെൻഡുൽക്കർ മാത്രമാണ് ഭാരതരത്ന നേടിയ ഏക ക്രിക്കറ്റർ. 2013ൽ അർജുന അവാർഡ്, 2017ൽ പദ്മശ്രീ, 2018ൽ രാജ്യത്തെ ഉയർന്ന കായിക ബഹുമതിയായ ഖേൽ രത്ന പുരസ്‌കാരം എന്നിവ കോഹ്‌ലിക്ക് ലഭിച്ചിട്ടുണ്ട്. മെയ് 12നാണ് 14 വർഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ കരിയറിനാണ് കോഹ്‌ലി വിരാമമിട്ടത്.
ഇന്ത്യയ്ക്കായി 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരത്തിന്റെ ബാറ്റിൽ നിന്ന് 30 സെഞ്ച്വറികളുൾപ്പെടെ 9230 റൺസാണ് ആകെ പിറന്നത്. ഇന്ത്യയെ ഏറ്റവും കുടുതൽ ടെസ്റ്റ് ജയങ്ങളിൽ നയിച്ച ക്യാപ്റ്റനും കോഹ്‌ലിയാണ്. ടെസ്റ്റിൽ ഏറ്റവും കുടുതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ ഡൽഹിക്കാരന്റെ പേരിൽ തന്നെ. ഏഴ് ഇരട്ട സെഞ്ചുറികളാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്.
2011ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയാണ് താരത്തിന്റെ അവസാന പരമ്പര. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ടീം പ്രഖ്യാപിക്കാനിരിക്കെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
2014 മുതൽ 2022 വരെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായ കോഹ്‌ലി 68 മത്സരങ്ങളിലാണ് രാജ്യത്തെ നയിച്ചത്. ഇതിൽ 40 മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോഹ്‌ലിയായിരുന്നു ടീം ക്യാപ്റ്റൻ. കോഹ്‌ലിയുടെ കീഴിൽ സ്വന്തം മണ്ണിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പോലും നഷ്ടപ്പെടുത്തിയിട്ടില്ല. തുടർച്ചയായി 12 പരമ്പര വിജയങ്ങളാണ് ഇന്ത്യൻ മണ്ണിൽ നായകനായി താരം സ്വന്തമാക്കിയത്. ലോകകപ്പ് വിജയത്തോടെ വിരാട് കോഹ്‌ലി ട്വന്റി 20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.









0 comments