ഹർഷൽ പട്ടേലിന്‌ നാല്‌ വിക്കറ്റ്‌

ചെന്നെെ വീണ്ടും തോറ്റു ; ഹെെദരാബാദിന് 5 വിക്കറ്റ് ജയം

Sunrisers Hyderabad won

ഹെെദരാബാദ് സ്--പിന്നർ കമിന്ദു മെൻഡിസിന്റെ പന്തിൽ ചെന്നെെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ബൗൾഡാകുന്നു

avatar
Sports Desk

Published on Apr 26, 2025, 12:07 AM | 2 min read

ചെന്നൈ : സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്‌ തോൽവി. ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ അഞ്ച്‌ വിക്കറ്റിന്‌ മുൻ ചാമ്പ്യൻമാരെ തോൽപ്പിച്ചു. 155 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ്‌ 18.4 ഓവറിൽ ജയം നേടി. ഹൈദരാബാദിന്റെ മൂന്നാം ജയമാണ്‌. ചെന്നൈ ഏഴാം തോൽവിയോടെ അവസാന സ്ഥാനത്ത്‌ തുടർന്നു. ഹൈദരാബാദ്‌ രാജസ്ഥാൻ റോയൽസിനെ മറികടന്ന്‌ ഒരുപടി കയറി.


ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈ 19.5 ഓവറിൽ 154നാണ്‌ പുറത്തായത്‌. നാല്‌ വിക്കറ്റെടുത്ത പേസർ ഹർഷൽ പട്ടേലാണ്‌ ചെന്നൈ ബാറ്റിങ്‌ നിരയെ തകർത്തത്‌. 25 പന്തിൽ 42 റണ്ണെടുത്ത ഡെവാൾഡ്‌ ബ്രെവിസ്‌ മാത്രം പൊരുതി. നാല്‌ സിക്‌സറും ഒരു ഫോറുമായി റണ്ണുയർത്താൻ ശ്രമിച്ച ദക്ഷിണാഫ്രിക്കക്കാരനെ ഹർഷലാണ്‌ മടക്കിയത്‌. കമിന്ദു മെൻഡിസിന്റെ തകർപ്പൻ ക്യാച്ചിലായിരുന്നു അവസാനം.


മറുപടിക്കെത്തിയ ഹൈദരാബാദിന്‌ റണ്ണെടുക്കുംമുമ്പെ ഓപ്പണർ അഭിഷേക്‌ ശർമയെ നഷ്ടമായി. ഇഷാൻ കിഷൻ (34 പന്തിൽ 44), കമിന്ദു മെൻഡിസ്‌ (22 പന്തിൽ 32), നിതീഷ്‌ കുമാർ റെഡ്ഡി (13 പന്തിൽ 19) എന്നിവർ പൊരുതിയപ്പോൾ ഹൈദരാബാദിന്‌ ജയംകൈവന്നു. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈക്കായി യുവതാരങ്ങളായ ഷെയ്‌ഖ്‌ റഷീദും ആയുഷ്‌ മാത്രെയുമാണ്‌ ഇന്നിങ്‌സ്‌ ആരംഭിച്ചത്‌. റഷീദ്‌ നേരിട്ട ആദ്യപന്തിൽ മുഹമ്മദ്‌ ഷമിയുടെ ഇരയായി. അഭിഷേക്‌ ശർമയാണ്‌ ക്യാച്ച്‌ എടുത്തത്‌. സ്ഥാനക്കയറ്റം കിട്ടിയ സാം കറന്‌ 10 പന്തിൽ ഒമ്പത്‌ റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരുവശത്ത്‌ ആയുഷ്‌ 19 പന്തിൽ 30 റണ്ണുമായി തകർത്തടിക്കാൻ ശ്രമിച്ചു. കൂട്ടുണ്ടായില്ല.


രവീന്ദ്ര ജഡേജയും ബ്രെവിസും ചേർന്ന്‌ ചെന്നൈ ഇന്നിങ്‌സിനെ മുന്നോട്ടുകൊണ്ടുപോയി. 17 പന്തിൽ 21 റണ്ണെടുത്ത ജഡേജ മെൻഡിസിന്റെ പന്തിൽ ബൗൾഡായി. കൂറ്റനടിക്കാരനായ ശിവം ദുബെ നിരാശപ്പെടുത്തി. ഒമ്പത്‌ പന്തിൽ 12 റണ്ണെടുത്ത ഇടംകൈയനെ ജയദേവ്‌ ഉനദ്‌ഘട്ട്‌ മടക്കുകയായിരുന്നു. ബ്രെവിസും പുറത്തായതോടെ ചെന്നൈയുടെ നിയന്ത്രണം പൂർണമായി നഷ്ടമായി. ക്യാപ്‌റ്റൻ മഹേന്ദ്ര സിങ്‌ ധോണിക്ക്‌ (10 പന്തിൽ 6) ഹൈദരാബാദ്‌ ബൗളർമാർക്കെതിരെ പിടിച്ചുനിൽക്കാനായില്ല. ധോണിയും ദീപക്‌ ഹൂഡയും ചേർന്നുള്ള കൂട്ടുകെട്ട്‌ 16 പന്ത്‌ നേരിട്ട്‌ നേടിയത്‌ 13 റൺ മാത്രം. ഹൂഡ 21 പന്തിൽ 22 റണ്ണെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home