ഹെെദരാബാദ് പുറത്ത് ; ഡൽഹി ക്യാപിറ്റൽസുമായുളള കളി മഴ മുടക്കി

ഹൈദരാബാദ്
ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിന്റെ ബൗളിങ് പ്രകടനത്തിനും സൺറൈസേഴ്സ് ഹെെദരാബാദിനെ രക്ഷിക്കാനായില്ല. ഐപിഎൽ ക്രിക്കറ്റിൽ പ്ലേ ഓഫ് കാണാതെ ഹെെദരാബാദ് പുറത്തായി. ഡൽഹി ക്യാപിറ്റൽസുമായുള്ള കളി മഴകാരണം ഉപേക്ഷിച്ചതോടെയാണ് ഹെെദരാബാദ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റണ്ണാണെടുത്തത്. മൂന്ന് വിക്കറ്റെടുത്ത കമ്മിൻസിന് മുന്നിൽ ഡൽഹി പതറുകയായിരുന്നു. സ്വാധീന താരമായെത്തിയ അശുതോഷ് ശർമയും (26 പന്തിൽ 41) ട്രിസ്‌റ്റൺ സ്‌റ്റബ്‌സും (36 പന്തിൽ 41)ആണ് ഡൽഹിയെ 100 കടത്താൻ സഹായിച്ചത്.
ജയം അനിവാര്യമായ കളിയിൽ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പേസർ മുഹമ്മദ് ഷമിക്കും ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും ഇടമുണ്ടായില്ല. പകരം മലയാളിതാരം സച്ചിൻ ബേബിക്ക് അവസരം കിട്ടി.
ഇന്നിങ്‌സിലെ ആദ്യ പന്തിൽതന്നെ കരുൺ നായരെ മടക്കി കമ്മിൻസ് ഡൽഹിക്ക് പ്രഹരമേൽപ്പിച്ചു. അടുത്ത ഓവറിൽ ഫാഫ് ഡുപ്ലെസിസിനെയും (8 പന്തിൽ 38) ഓസ്‌ട്രേലിയക്കാരൻ പുറത്താക്കി. അഭിഷേക് പോറെലും (10 പന്തിൽ 8) കമ്മിൻസിന്റെ ഇരയായതോടെ ഡൽഹി 4.1 ഓവറിൽ 15/3ലേക്ക് തകർന്നു. ക്യാപ്‌റ്റൻ അക്‌സർ പട്ടേൽ നേരിട്ട ആദ്യ പന്തിൽ ഫോറടിച്ചാണ് തുടങ്ങിയത്. പക്ഷേ, ആറ് റണ്ണെടുത്ത് മടങ്ങി. പ്രതീക്ഷയായിരുന്ന കെ എൽ രാഹുൽ (14 പന്തിൽ 10) ജയദേവ് ഉനദ്‌ഘട്ടിന് മുന്നിൽ വീണതോടെ സ്‌കോർ 29/5 എന്ന നിലയിലായി.
വിപ്രജ് നിഗവും സ്‌റ്റബ്‌സും ചേർന്നാണ് തകർച്ചയിൽനിന്ന് കരകയറ്റിയത്. 12.1 ഓവറിൽ വിപ്രജ് (17 പന്തിൽ 18) റണ്ണൗട്ടായി. തുടർന്നെത്തിയ അശുതോഷ് ഡൽഹിക്ക് ജീവൻ നൽകി. ഏഴാം വിക്കറ്റിൽ അശുതോഷും സ്‌റ്റബ്‌സും ചേർന്ന് 66 റണ്ണിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. മഴകാരണം ഹെെദരാബാദിന് ബാറ്റ് ചെയ്യാൻ ഇറങ്ങാനായില്ല.









0 comments