ഒരു ഇന്ത്യൻ ഫ്രാഞ്ചൈസി പാക് താരത്തെ ടീമിലെടുക്കുന്നത് ശരിയായ നടപടിയല്ല; സുനിൽ ഗവാസ്കർ

ലണ്ടൻ: ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റായ ‘ദ ഹണ്ട്രഡ്’ ലേലത്തിൽ പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സൺറൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദത്തിന് വഴിവച്ചു. 2.34 കോടി രൂപയ്ക്കാണ് അബ്രാറിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ കടുത്ത വിമർശനവുമായി രംഗത്തെത്തി.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഐപിഎലിൽ പാകിസ്താൻ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യൻ ഫ്രാഞ്ചൈസി പാക് താരത്തെ ടീമിലെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കർ അഭിപ്രായപ്പെട്ടു.
പാകിസ്താൻ താരങ്ങൾക്ക് നൽകുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് നികുതിയായി ആ രാജ്യത്തിന്റെ സർക്കാരിലേക്ക് പോകുന്നുവെന്നും, ആ പണം ഇന്ത്യക്കെതിരായ ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതുവഴി ഇന്ത്യൻ സൈനികരുടെയും പൗരന്മാരുടെയും ജീവൻ അപകടത്തിലാകാമെന്നും ഗാവസ്‌കർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഫ്രാഞ്ചൈസി ഉടമ കാവ്യ മാരനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവും ഉയരുകയാണ്. സൺറൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾക്കെതിരെ സൈബർ ആക്രമണം രൂക്ഷമായതോടെ അക്കൗണ്ടുകൾ താത്കാലികമായി പ്രവർത്തനരഹിതമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇത് ക്രിക്കറ്റ് സംബന്ധമായ ഒരു തീരുമാനമാത്രമാണെന്ന് ടീം ഹെഡ് കോച്ച് ഡാനിയൽ വെട്ടോറി പ്രതികരിച്ചു. ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിനെ ടീമിലെത്തിക്കാൻ കഴിയാത്തതിനാലാണ് മികച്ച ഫോമിലുള്ള അബ്രാർ അഹമ്മദിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ടൂർണമെന്റ് വിദേശത്താണ് നടക്കുന്നതെന്നും അത് ബിസിസിഐയുടെ പരിധിയിൽപ്പെടുന്നില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. അതിനാൽ വിഷയത്തിൽ ഇടപെടാൻ ബിസിസിഐക്ക് കഴിയില്ലെന്നും, തീരുമാനം ബന്ധപ്പെട്ട ഫ്രാഞ്ചൈസിയുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments