print edition ലങ്ക പൊരുതുന്നു; സൊനാൽ ദിനുഷയിൽ പ്രതീക്ഷ

കൊളംബോ: ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോറിനു മുന്നിൽ പതറിയ ശ്രീലങ്ക പൊരുതുന്നു. മൂന്നാം ദിവസം മഴയെത്തുടർന്ന് കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 265 റണ്ണെടുത്തു. ഇപ്പോഴും 238 റൺ പിറകിലാണ്. ചെറുത്തുനിൽക്കുന്ന സൊനാൽ ദിനുഷയിലാണ് ലങ്കൻ പ്രതീക്ഷ. 137 പന്തിൽ 85 റണ്ണുമായി ക്രീസിലുണ്ട്. ആറ് ഫോറും രണ്ട് സിക്‌സറുമടിച്ചു. എട്ട് റണ്ണെടുത്ത ലഹിരു കുമാരയാണ് കൂട്ട്. സ്‌കോർ: ഇന്ത്യ 503/9 ഡിക്ല. ലങ്ക 265/8.
പേസും സ്‌പിന്നും ചേർത്ത ഇന്ത്യൻ ബൗളിങ്ങിനുമുന്നിൽ ദ്വീപുകാർക്ക് പിടിച്ചുനിൽക്കാനായില്ല. രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ എട്ട് റണ്ണുമായി മൂന്നാം ദിനം തുടങ്ങിയ ലങ്കയ്‌ക്ക് പസിന്ദു സൂര്യബന്ദാരയുടെ അർധസെഞ്ചുറി രക്ഷയായി. 133 പന്തിൽ ഒമ്പത് ഫോറിന്റെ പിന്തുണയിൽ 80 റണ്ണെടുത്തു. ഓപ്പണർ കാമിൽ മിഷറയാണ്(19) ആദ്യം മടങ്ങിയത്. പ്രസിദ്ധ്‌കൃഷ്‌ണയുടെ പന്തിൽ വിക്കറ്റ്‌കീപ്പർ ധ്രുവ് ജുറെൽ പിടകൂടി. പത്താം ഓവറിൽ 35/3 എന്ന സ്‌കോറിൽ പതറിയ ലങ്കയെ പസിന്ദുവും കമീന്ദു മെൻഡിസും ചേർന്ന് കരകയറ്റി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റണ്ണടിച്ചു. 32 റണ്ണെടുത്ത കമീന്ദു പ്രസിദ്ധിന്റെ പന്തിൽ രവീന്ദ്ര ജഡേജ പിടിച്ച് പുറത്തായി. ക്യാപ്‌റ്റൻ ധനഞ്ജയ ഡിസിൽവ(8) വേഗം മടങ്ങി. മാനവ് സുത്താറിന്റെ പന്തിൽ കെ എൽ രാഹുൽ പിടിച്ചു. വിക്കറ്റ്‌കീപ്പർ നിരോഷൻ ഡിക്ക്‌വെല്ലക്ക് റണ്ണെടുക്കാനായില്ല. മുഹമ്മദ് സിറാജിന്റെ പന്തിൽ ജുറെലിന് ക്യാച്ച്.
ഒരറ്റത്ത് വീഴാതെനിന്ന സൊനാലിന് വാലറ്റക്കാർ തുണയായി. കേശര നുവാന്ത 18 റണ്ണുമായി പിന്തുണച്ചു. മാനവ് സുത്താറിനെ ഫോറടിച്ച് സൊനാൽ അർധസെഞ്ചുറി നേടി. 82 പന്തിലാണ് നേട്ടം. 74 പന്ത് നേരിട്ട നുവാന്തയെ സുത്താർ മടക്കി. സൊനാലും നുവാന്തയും ചേർന്ന് എട്ടാം വിക്കറ്റിൽ 57 റണ്ണെടുത്തു. പകരമെത്തിയ ലഹിരു കുമാരയും ബൗളർമാരെ ചെറുത്തുനിന്നു. 50 പന്ത് നേരിട്ടാണ് എട്ട് റണ്ണിലെത്തിയത്. ഒമ്പതാം വിക്കറ്റിൽ സൊനാലുമൊത്ത് 35 റണ്ണിന്റെ കൂട്ടുകെട്ടായി. ഇന്ത്യൻ ബൗളർമാരിൽ പ്രസിദ്ധും സുത്താറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സിറാജിനും സരാൻഷ് ജെയ്‌നിനും ഓരോ വിക്കറ്റുണ്ട്.










0 comments