ശ്രേയസ് സുഖം പ്രാപിക്കുന്നു, ആരോഗ്യ നില തൃപ്തികരം: ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പുമായി ബിസിസിഐ.നിലവിൽ ചികിത്സയിലുള്ള ശ്രേയസ് അയ്യരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു.
സ്‌കാനിങ്ങിൽ പ്ലീഹയ്ക്ക് ക്ഷമതേറ്റതായി കണ്ടെത്തിയെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ ടീം ഡോക്ടർ ശ്രേയസ്സിനൊപ്പം സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി.സിഡ്‌നിയിലെയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ക്രിക്കറ്റ് ബോർഡ് കൂട്ടിച്ചേർത്തു.
ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യരുടെ ഇടത് വശത്തെ വാരിയെല്ലിന് പരിക്കേറ്റത് . പ്രാഥമിക മെഡിക്കൽ പരിശോധനകൾക്ക് ശേഷം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അയ്യരെ ഐസിവിലും പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ബിസിസിഐയുടെ വിശദീകരണം.










0 comments