ഇന്ത്യൻ വിപണി കീഴടക്കാൻ കരുനീക്കം
പ്രതിഷേധം തണുപ്പിക്കാൻ ട്രംപ് നേരിട്ട്; ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ പൂര്‍ണമായും പുതിയ രൂപത്തിലെന്ന് അവകാശവാദം

വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ പൂര്‍ണമായും പുതിയ രൂപത്തിൽ അന്തിമഘട്ടത്തിൽ എത്തിയതായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വാഷിങ്ടണിലെ ഓവൽ ഓഫീസിൽ മാധ്യമ സമ്മേളനം വിളിച്ചാണ് അവകാശവാദം. കരാറിൽ അമേരിക്കയ്ക്ക് കീഴടങ്ങിയുള്ള വ്യവസ്ഥകൾക്കതിരെ ഇന്ത്യയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഉഭയകക്ഷി വ്യാപാരക്കരാറിന്റെ (BTA) ആദ്യ ഘട്ടത്തിനായുള്ള ചട്ടക്കൂട് പൂര്‍ത്തീകരിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ കരാര്‍ അന്തിമ ഒപ്പു വെക്കൽ ഘട്ടത്തിലേക്ക് എത്തിക്കുന്നത് മരവിപ്പിച്ചു.
കഴിഞ്ഞ ദിവസം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യയിൽ എത്തിയിരുന്നു. മുഖ്യമായും വ്യാപാര കരാറും എണ്ണ പ്രതിരോധ ഇടപാടുകളും പൂര്‍ത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് റൂബിയോ രാജ്യത്ത് എത്തുന്നത്. ഡൽഹി പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ മുംബൈയിലാണ് ചര്‍ച്ചകൾ നടത്തിയത്. കൂടാതെ, ഈ മാസം ആദ്യം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ മിൽവാക്കിയിലും വാഷിംഗ്ടണിലുമായി യു എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്തുകയുംചെയ്തു.
തികച്ചും ഏകപക്ഷീയമായ വ്യാപാരക്കരാറിൽ അമേരിക്ക വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇതിനിടെ ഭീഷണികൾ തുടരുകയും ചെയ്തു. റഷ്യയിൽ നിന്ന് യു എസ് മൂന്ന് ലക്ഷം ടൺ ഡീസൽ ഇറക്കുമതി ചെയ്യാൻ കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യയ്ക്ക് മേൽ റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ പ്രഖ്യാപിച്ച പ്രതികാര നികുതി ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അധിക നികുതി ഒഴിവാക്കിയത് വ്യാപാര കരാറിന് സമ്മതിച്ചതിന്റെ പേരിലാണെന്ന് കഴിഞ്ഞ ദിവസം ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടു. തൊട്ടു പിന്നാലെയാണ് വ്യാപാര കരാര്‍ പൂര്‍ണമായും പുതുക്കിയതായി അവകാശപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
കീഴടങ്ങി മോദി സര്‍ക്കാര്‍
ഒരുവശത്ത് കരാറിനായി വലിയ താൽപ്പര്യവും സൗഹൃദവും പ്രകടിപ്പിക്കുമ്പോഴും മറുവശത്ത് പ്രതികാര നികുതി സമ്മർദ്ദങ്ങളും അപ്രതീക്ഷിത വ്യവസ്ഥകളും ഉപയോഗിച്ച് എതിർവശത്തുള്ളവരെ തങ്ങളുടെ നിബന്ധനകൾക്ക് വഴങ്ങാനായി ബ്ലാക്മെയിൽ ചെയ്യുക എന്നതാണ് യു എസ് പ്രയോഗിക്കുന്ന തന്ത്രം. ഇതിന് ഓരോ ഘട്ടത്തിലും വഴങ്ങുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സ്വതന്ത്ര വ്യാപാര കരാറിന്റെ പൂർണ രൂപം പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സമർപ്പിച്ച് ചർച്ച ചെയ്യുക എന്ന ആവശ്യം ബിജെപി സര്‍ക്കാര്‍ മനപൂര്‍വം അവഗണിക്കയായിരുന്നു.
Related News
റൂബിയോ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത കരാര്‍ വ്യവസ്ഥകൾ പരസ്യപ്പെടുത്തിയിട്ടില്ല. ഇതിനെ കുറിച്ച് "മുൻകാലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും" എന്ന ട്രംപിന്റെ വാക്കുകൾ അമേരിക്കയ്ക്ക് കൂടുതൽ അനുകൂലമായതും ഇന്ത്യക്ക് ചിലപ്പോൾ കടുത്ത വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നതുമായ നിബന്ധനകൾ സംബന്ധിച്ച പ്രയോഗം എന്നാണ് യു എസ് മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. ഇന്ത്യ പോലുള്ള വൻ വിപണികൾ കോളനിവൽക്കരിക്കാനുള്ള തന്ത്രങ്ങളാണ് യു എസ് സര്‍ക്കാര്‍ എക്കാലവും പിന്തുടര്ന്നിരുന്നത്. ട്രംപ് വന്നതോടെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാര്‍ഥികൾക്കും എതിരെ കടുത്ത നടപടികൾ എടുക്കുക പോലും ചെയ്തു കൊണ്ട് സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ചു. ഇക്കാര്യത്തിൽ എല്ലാം കേന്ദ്ര സര്‍ക്കാര്‍ വിധേയത്വത്തോടെ മൗനം പാലിക്കയായിരുന്നു.
കരാർ ഇന്ത്യൻ കർഷകരുടെയും സാധാരണക്കാരുടെയും മരണവാറന്റാണെന്നും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം അമേരിക്കയ്ക്ക് പണയം വെക്കുകയാണെന്നുമാണ് സംയുക്ത കിസാൻ മോർച്ച വിലയിരുത്തിയത്. നവംബർ 26ന് രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇരുതലങ്ങളിൽ വായിക്കാവുന്ന പ്രസ്താവനയുമായി ട്രംപ് മാധ്യമ സമ്മേളനം വിളിച്ചത്. ഇന്ത്യൻ വിപണി കീഴടക്കാൻ അത്രയും ആസൂത്രിതമായ നീക്കങ്ങളാണ് അമേരിക്കൻ ഭരണകൂടം പിന്തുടരുന്നത്.
കര്‍ഷകരുടെയും
ചെറുകിട വ്യവസായങ്ങളുടെയും നേരെ
അമേരിക്കൻ പാൽ ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ പൂർണ നികുതി ഇളവ് (സീറോ ടാരിഫ്) നൽകാനുള്ള നീക്കം രാജ്യത്തെ 8 കോടിയിലധികം വരുന്ന ക്ഷീരകർഷകരുടെ ഉപജീവനമാർഗത്തെ തകർക്കും. സോയാബീൻ, ചോളം, ആപ്പിൾ, ഉണക്കമുന്തിരി, മറ്റ് ധാന്യങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതും പ്രാദേശിക കർഷകർക്ക് വൻ തിരിച്ചടിയാണ്. കാർഷിക വിപണിയുടെ തകർച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് കർഷക സംഘടന ചൂണ്ടി കാട്ടിയിരുന്നു. ജനിതകമാറ്റം വരുത്തിയ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തള്ളിവിടാനുള്ള അവസരവും ചട്ടക്കൂട് മുന്നോട്ട് വെക്കുന്നുണ്ട്. വൻ തോതിൽ സബ്സിഡി നൽകി നിലനിര്‍ത്തുന്ന അമേരിക്കൻ വ്യാവസായിക ഉൽപന്നങ്ങൾക്ക് മുന്നിൽ രാജ്യത്തെ ചെറുകിട നിര്‍മാണ ശാലകൾ നിലംപരിശാവുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. പാര്‍ലമെന്റിൽ ചര്‍ച്ച ചെയ്യാതെ രഹസ്യ കരാര്‍ ഒപ്പുവെക്കാനുള്ള നീക്കം ആശങ്ക വര്ധിപ്പിക്കയും ചെയ്യുന്നു.
എല്ലാം അമേരിക്ക പറയുന്ന പോലെ രഹസ്യം
ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ചർച്ചകളും ധാരണകളും പൂർത്തിയായതായി ഒക്ടോബര്‍ 15 ന് തന്നെ മന്ത്രി പിയൂഷ് ഗോയൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കരാറിന്റെ വ്യവസ്ഥകൾ ഔദ്യോഗിക നിയമരൂപത്തിലാക്കുന്നതിനുള്ള പ്രക്രിയകളാണ് നിലവിൽ പുരോഗമിക്കുന്നത് എന്നാണ് വിശദീകരിച്ചത്.








0 comments