Deshabhimani

യുവേഫ ചാമ്പ്യൻസ് ലീഗ്; പിഎസ്ജിക്കും സിറ്റിക്കും തകർപ്പൻ ജയം, ഫോഡന് ഹാട്രിക്

UEFA

Photo: Reuters, AP

വെബ് ഡെസ്ക്

Published on Oct 21, 2026, 11:27 AM | 2 min read

പാരിസ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ബാഴ്‌സലോണയ്‌ക്കെതിരെ 4–2ന്റെ തകർപ്പൻ ജയം. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എഇകെ ഏഥൻസിനെ 5–1ന് തകർത്തപ്പോൾ ഫിൽ ഫോഡൻ ഹാട്രിക് നേടി. നാപോളി, റോമ, പിഎസ്വി ടീമുകളും ജയിച്ചപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയിൽ കുരുങ്ങി.


പാരിസിൽ നടന്ന മത്സരത്തിൽ 2–2ന് സമനിലയിൽ നിൽക്കെയാണ് 81-ാം മിനിറ്റിൽ വിറ്റീഞ്ഞോ പിഎസ്ജിക്കായി നിർണായക ഗോൾ നേടിയത്. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെയായിരുന്നു പോർച്ചുഗീസ് താരത്തിന്റെ ഗോൾ. പിന്നാലെ ഫാബിയൻ റൂയിസ് കൂടി വലകുലുക്കിയതോടെ പിഎസ്ജി വിജയം ഉറപ്പിച്ചു.


ഡിസിറെ ദുവേ, ലൂക്കാസ് ഹെർണാണ്ടസ് എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. ബാഴ്‌സലോണയ്ക്കായി സേവി എസ്പാർട്ടും ലാമിൻ യമാലും ലക്ഷ്യം കണ്ടു. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ തുടർച്ചയായ മൂന്നാം ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിനിടെ ഒസ്മാൻ ഡെംബെലെയ്ക്കും ഖ്വിച്ച ക്വാരത്‌സ്‌ഖേലിയയ്ക്കും പരിക്കേറ്റത് ടീമിന് ആശങ്കയായി.


മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഇകെ ഏഥൻസിനെതിരെ ഫോഡന്റെ മികവിലാണ് സിറ്റി മികച്ച ജയം നേടിയത്.


മറ്റൊരു മത്സരത്തിൽ ബോഡോ/ഗ്ലിമ്റ്റിനെ 4–3ന് തോൽപ്പിച്ച് നാപോളി വിജയിച്ചു. സ്കോട്ട് മക്‌ടോമിനെയാണ് രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയത്തിൽ നിർണായകമായത്. റോമ 4–0ന് സ്ലോവൻ ബ്രാറ്റിസ്ലാവയെ തോൽപ്പിച്ചു. മരിയോ ഹെർമോസോ, നഹ്വേൽ മൊലീന, നിക്കോളോ പിസില്ലി, ഡോണിയൽ മാലൻ എന്നിവരാണ് റോമയ്ക്കായി ഗോൾ നേടിയത്.


സ്റ്റുട്ട്ഗാർട്ടിനെതിരായ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് 1–1ന്റെ സമനില നേടി. ഫെനർബാഷെയും സ്ലാവിയ പ്രാഗും തമ്മിലുള്ള മത്സരം 2–2ന് അവസാനിച്ചു. പോർട്ടോയെ അവരുടെ തട്ടകത്തിൽ 1–0ന് തോൽപ്പിച്ച പിഎസ് വി ക്കായി ഗുസ് ടിൽ 57-ാം മിനിറ്റിൽ വിജയഗോൾ നേടി. പോർട്ടോയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.


രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് ലിവർപൂൾ 4–3ന് വിയ്യാറയലിനെ തോൽപ്പിച്ചത്. അലക്സിസ് മക് അലിസ്റ്റർ ഇരട്ടഗോൾ നേടിയപ്പോൾ റൊണാൾഡ് അറൗഹോയും ഫ്ലോറിയൻ വിർട്സും ഓരോ ഗോൾ വീതം നേടി. വിയ്യാറയലിനായി ജോർജ് മികൗട്ടാഡ്സെ, സെർജി കാർഡോണ, ടാനി ഒലുസേയി എന്നിവർ ലക്ഷ്യം കണ്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home