പൂജ അവധി; മൂന്നാർ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ വൻ തിരക്ക്

ഇടുക്കി : നീലക്കുറിഞ്ഞി വസന്തത്തിനൊപ്പം പൂജ അവധി കൂടി വന്നതോടെ മൂന്നാർ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ വൻ തിരക്ക്. തിരക്ക് വർധിച്ചതോടെ മൂന്നാർ ടൗണിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിളും ഗതാഗതക്കുരുക്ക് രൂക്ഷമായി.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തുന്നത്. ഇടുക്കി ജില്ലയിലെ ഡിടിപിസിയുടെ കീഴിലുള്ള പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത് 80,000 പേരാണ്. മൂന്നാർ ടൗൺ, മാട്ടുപെട്ടി, ഫ്ലവർ ഗാർഡൻ, എക്കോ പോയിന്റ്, രാജമല അഞ്ചാം മൈൽ എന്നിവിടങ്ങളിൽ മണിക്കൂറുകളോളമാണ് സന്ദർശകർ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നത്.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ശുചിമുറികൾ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളില്ലാത്തതും ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും പ്രതിസന്ധി കൂടുതൽ വഷളാക്കുന്നു. തിരക്ക് കാരണം മൂന്നാറിലും പരിസരങ്ങളിലുമുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും സന്ദർശകർക്ക് മുറികൾ ലഭിക്കാത്ത അവസ്ഥയുമുണ്ടായി. നേരത്തെ, മാട്ടുപെട്ടി, രാജമല എന്നിവിടങ്ങളിലേക്ക് വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും നടപ്പിലായില്ല.









0 comments