സിജെപി നേതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദസ്റ ആഘോഷത്തിന്റെ ഭാഗമായി അവധിയാണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി വാദം കേൾക്കുന്നത്. കേസിൽ ഡൽഹി പൊലീസ് വൈരാഗ്യം തീർക്കുകയാണെന്നും നിരന്തരം ജാമ്യം നിഷേധിക്കപ്പെടുകയാണെന്നും സിജെപി കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.
അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിട്ടും സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയെയും ജാമ്യനടപടികൾ മനഃപൂർവം വൈകിപ്പിച്ച് തടങ്കലിൽ വയ്ക്കാനുള്ള നീക്കമാണ് ഡൽഹി പൊലീസ് നടത്തിയത്. ഇതിനെ ചോദ്യം ചെയ്താണ് സിജെപി ഹൈക്കോടതിയിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ഉയർത്തിയത്. കഴിഞ്ഞ ദിവസം ഈ ആവശ്യം നിരാകരിച്ചുവെങ്കിലും കേസിലെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്. ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം.
നേതാക്കളെ വിട്ടയച്ചാൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് സിജെപി നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. ഇതേ ആവശ്യം പൊലീസ് ഉന്നയിച്ചേക്കും. നേരത്തെ ഡൽഹി പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയാണ് സിജെപി നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടിയത്.
ഡൽഹി പൊലീസ് കക്ഷിയാകുന്ന കേസിൽ വാദം കേൾക്കുന്നതും വിധി പറയുന്നതും പൊലീസുകാർ തന്നെയായതും സിജെപി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജന്തർ മന്തറിലെ ആദ്യ സമരം മുതൽ സിജെപി നേതാക്കളോടുള്ള വൈരാഗ്യ ബുദ്ധിയാണ് ഇത്തരത്തിൽ ജാമ്യം നിഷേധിക്കുന്നതും തടങ്കലിൽ വെയ്ക്കുന്നതെന്നും കോക്രോച്ച് ജനതാ പാർടി ആരോപിച്ചു. 7 ദിവസമായി സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരുകയാണ്.









0 comments