Deshabhimani

വൻ ആയുധശേഖരം; 500ലധികം തോക്കുകൾ പൂജയ്ക്കുവച്ച് യുപി എംഎൽഎ രാജാ ഭയ്യ

weapons rajabaiya mla
വെബ് ഡെസ്ക്

Published on Oct 21, 2026, 01:48 PM | 2 min read

ലഖ്നൗ: നൂറുകണക്കിന് തോക്കുകൾ നിരനിരയായി അടുക്കിവച്ചിരിക്കുന്നു. പിസ്റ്റളുകളും റിവോൾവറുകളും റൈഫിളുകളും ഉൾപ്പെടെ അഞ്ഞൂറിലേറെ ആയുധങ്ങൾ. അവയ്ക്കുമുന്നിൽ പൂജ നടത്തുന്ന ഉത്തർപ്രദേശിലെ എംഎൽഎ. പ്രതാപ്ഗഡ് ജില്ലയിലെ കുണ്ഡയിൽനിന്നുള്ള ജനസത്താ ദൾ ലോക്‌താന്ത്രിക് നേതാവ് രഘുരാജ് പ്രതാപ് സിങ് എന്ന രാജാ ഭയ്യയുടെ വസതിയിൽ നടന്ന ദസറ ആയുധപൂജയുടെ ദൃശ്യങ്ങളാണ്. ഇത്രയധികം തോക്കുകൾ എവിടെനിന്നെത്തിയെന്ന ചർച്ചകൾക്കിടെ, ഇവിടെ കാണുന്നതുമാത്രമാണ് ആയുധങ്ങളെന്ന് കരുതരുതെന്ന രാജാ ഭയ്യയുടെ പരാമർശവും വിവാദത്തിന് വഴിവച്ചു.


കുണ്ഡയിലെ ബെന്തി രാജ്ഭവനിലാണ് ചൊവ്വാഴ്ച അഞ്ഞൂറിലധികം ആയുധങ്ങൾ നിരത്തി പൂജ നടത്തിയത്. ആധുനിക തോക്കുകൾക്കൊപ്പം പഴയകാല ആയുധങ്ങളും പൂജയ്ക്കായി ഒരുക്കിയിരുന്നു. കാവി തലപ്പാവും ധോത്തിയും കുർത്തയും ധരിച്ചെത്തിയ രാജാ ഭയ്യ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ ആയുധങ്ങളിൽ തിലകം ചാർത്തി പുഷ്പങ്ങൾ അർപ്പിച്ചു. ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെയാണ് ചടങ്ങ് നടന്നത്. രാജാ ഭയ്യയുടെ ഇരട്ടമക്കളായ ശിവരാജും ബ്രിജരാജും നൂറുകണക്കിന് അനുയായികളും പങ്കെടുത്തു. അനുയായികളിൽ പലരും സ്വന്തം തോക്കുകളുമായാണ് ചടങ്ങിനെത്തിയത്.


പൂജ കഴിഞ്ഞശേഷമാണ് ആയുധശേഖരത്തിന്റെ വലുപ്പത്തെക്കുറിച്ച് രാജാ ഭയ്യ പ്രതികരിച്ചത്. ‘ഇവിടെ കാണുന്നതുമാത്രമാണ് ഉള്ളതെന്ന് കരുതരുത്. ആനയ്ക്ക് കാണിക്കാനുള്ള കൊമ്പുകൾ വേറെ, ഭക്ഷണം കഴിക്കാനുള്ള പല്ലുകൾ വേറെ’ എന്നായിരുന്നു പരാമർശം. ഇത് കേട്ട് അനുയായികൾ കൈയടിക്കുകയും ചെയ്തു. അഞ്ഞൂറിലേറെ തോക്കുകൾ പരസ്യമായി നിരത്തിയശേഷം അവ മാത്രമല്ല കൈവശമുള്ളതെന്ന സൂചന നൽകുന്ന പ്രതികരണം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.


രാജാ ഭയ്യയുടെ ആയുധശേഖരം വിവാദത്തിലാകുന്നത് ആദ്യമായല്ല. 2025 സെപ്തംബറിൽ ഭാര്യ റാണി ഭാൻവി സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ രാജാ ഭയ്യയുടെ കൈവശം അനധികൃത ആയുധങ്ങളുണ്ടെന്ന് ആരോപിച്ചിരുന്നു. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള തോക്കുകൾ ശേഖരത്തിലുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ രാജാ ഭയ്യയുടെ അടുത്ത അനുയായിയായ അക്ഷയ് പ്രതാപ് ആരോപണം തള്ളി. ആയുധങ്ങൾക്കെല്ലാം നിയമാനുസൃത ലൈസൻസുണ്ടെന്നും കുടുംബാംഗങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അനുയായികളുടെയും തോക്കുകളാണ് ശേഖരത്തിലുള്ളതെന്നുമായിരുന്നു വിശദീകരണം.


കഴിഞ്ഞവർഷവും ബെന്തി രാജ്ഭവനിൽ വലിയ ആയുധശേഖരം നിരത്തി പൂജ നടത്തിയിരുന്നു. അന്ന് ഇരുന്നൂറിലേറെ ഇന്ത്യൻ, വിദേശനിർമിത ആയുധങ്ങളാണ് പ്രദർശിപ്പിച്ചത്. പിസ്റ്റളുകൾ, റിവോൾവറുകൾ, പന്ത്രണ്ട് ബോർ തോക്കുകൾ, റൈഫിളുകൾ, കാർബൈനുകൾ എന്നിവയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തവണ അഞ്ഞൂറിലേറെ ആയുധങ്ങളാണ് പുറത്തെടുത്തത്.


ആയുധങ്ങൾക്കൊപ്പം ഉടമകളുടെ പേരും ലൈസൻസ് വിവരങ്ങളും ഉൾപ്പെടുത്തിയ കുറിപ്പുകൾ വച്ചിരുന്നെന്നാണ് സംഘാടകരുടെ വിശദീകരണം. ഇത്രയധികം ആയുധങ്ങളുടെ ഉടമകളെ തിരിച്ചറിയാനാണ് കുറിപ്പുകൾ നൽകിയതെന്ന് രാജാ ഭയ്യയും പറഞ്ഞു.


കുണ്ഡ മണ്ഡലത്തിൽനിന്ന് ഏഴുതവണ നിയമസഭയിലെത്തിയ രാജാ ഭയ്യ ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ സ്വാധീനമുള്ള നേതാക്കളിലൊരാളാണ്. സ്വന്തമായി രൂപീകരിച്ച ജനസത്താ ദൾ ലോക്‌താന്ത്രിക് പാർടിയുടെ അധ്യക്ഷനുമാണ്.


ദസറയിലെ ആചാരത്തിന്റെ ഭാഗമായാണ് ആയുധപൂജ നടത്തിയതെന്നാണ് രാജാ ഭയ്യയുടെ വിശദീകരണം. അതേസമയം, ഒരു ജനപ്രതിനിധിയുടെ വസതിയിൽ അഞ്ഞൂറിലേറെ തോക്കുകൾ ഒരേസമയം നിരത്തിയതും ഇതിനുപുറമേ ആയുധങ്ങളുണ്ടെന്ന അദ്ദേഹത്തിന്റെ പരാമർശം വിവാദമായിരിക്കുകയാണ്. ഇത്ര വലിയ ആയുധശേഖരത്തിന്റെ നിയമപരമായ രേഖകൾ എന്തെല്ലാമാണെന്ന ചോദ്യം കൂടി ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home