രഞ്ജി ട്രോഫി; ഒഡീഷയെ ഇന്നിങ്‌സിനും 36 റൺസിനും തകർത്ത് കേരളം, ജലജ് സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

ടീം കേരളം| Photo: Social Media
തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ ഒഡീഷയെ ഇന്നിങ്‌സിനും 36 റൺസിനും തകർത്ത് കേരളം. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 143 റൺസിന് പുറത്തായതോടെയാണ് കേരളം തകർപ്പൻ വിജയം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയത്തിൽ നിർണായകമായത്.
ആദ്യ ഇന്നിങ്‌സിൽ കേരളം നേടിയ 404 റൺസിന് മറുപടിയായി ഒഡീഷ 225 റൺസിന് പുറത്തായിരുന്നു. ഇതോടെ ഫോളോ ഓൺ വഴങ്ങിയ ഒഡീഷയ്ക്ക് രണ്ടാം ഇന്നിങ്‌സിലും പിടിച്ചുനിൽക്കാനായില്ല. നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഒഡീഷയ്ക്ക് 41 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.
53 റൺസെടുത്ത ഗൗരവ് ചൗധരിയാണ് രണ്ടാം ഇന്നിങ്‌സിൽ ഒഡീഷയുടെ ടോപ് സ്കോറർ. ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. കേരളത്തിനായി ജലജ് സക്‌സേന അഞ്ച് വിക്കറ്റും ആദിത്യ സർവാതെ രണ്ട് വിക്കറ്റും വീഴ്ത്തി. വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റ് നേടി. ശേഷിച്ച രണ്ട് ബാറ്റർമാർ റൺഔട്ടായി.
ആദ്യ ഇന്നിങ്‌സിൽ ഗൗരവ് ചൗധരിയുടെയും ശുഭ്രാൻഷു സേനാപതിയുടെയും അർധ സെഞ്ചുറികളാണ് ഒഡിഷയുടെ സ്കോർ ഉയർത്തിയത്. ഓപ്പണിങ് വിക്കറ്റിലും ആറാം വിക്കറ്റിലും പിറന്ന 60 റൺസിന്റെ കൂട്ടുകെട്ടുകൾ ഇന്നിങ്‌സിൽ നിർണായകമായി. ലളിത് യാദവ് നേടിയ 37 റൺസാണ് ഒഡിഷയുടെ സ്കോർ 200 കടത്തിയത്. കേരളത്തിനായി വൈശാഖ് ചന്ദ്രൻ നാല് വിക്കറ്റും ആദിത്യ സർവാതെ മൂന്ന് വിക്കറ്റും ജലജ് സക്‌സേന രണ്ട് വിക്കറ്റും വീഴ്ത്തി. എംഡി നിധീഷ് ഒരു വിക്കറ്റും നേടി.
സച്ചിൻ ബേബിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളാണ് കേരളത്തിന്റെ ആദ്യ ഇന്നിങ്‌സിന് കരുത്തായത്. സച്ചിൻ ബേബി 112 റൺസ് നേടിയപ്പോൾ അസ്ഹറുദ്ദീൻ 139 റൺസുമായി തിളങ്ങി. ഇരുവരുടെയും മികവിൽ കേരളം 404 റൺസെന്ന മികച്ച സ്കോർ നേടി.
ഇന്നിങ്‌സ് വിജയത്തോടെ കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു. സമനിലയിൽ കലാശിച്ച ആദ്യ മത്സരത്തിൽ ഒരു പോയിന്റ് നേടിയ കേരളത്തിന് ഇതോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ ആകെ എട്ട് പോയിന്റായി.









0 comments