ഓസീസിനെതിരെ സെഞ്ചുറി തിളക്കത്തിൽ ടെംബ ബവുമ; റെക്കോഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കൻ നായകൻ

ടെംബ ബവുമ| Photo: AFP
ഗ്ഖെബെർഹ : ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ 150 റൺസിലധികം നേടുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന റെക്കോഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ. 36 വയസും 154 ദിവസവും പ്രായമുള്ള ബവുമ, രണ്ടാം ടെസ്റ്റിൽ 334 പന്തിൽ 179 റൺസാണ് നേടിയത്. ഇതോടെ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോർഡ് പഴങ്കഥയായി.
ബവുമയുടെ മികവിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസിന് ഡിക്ലയർ ചെയ്തു. മാർക്കോ യാൻസൻ 85 റൺസും സൈമൺ ഹാർമർ 82 റൺസും നേടി. ഓസ്‌ട്രേലിയക്കായി സ്കോട്ട് ബോളണ്ട് അഞ്ച് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് മൂന്നും വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് ഇന്നിങ്‌സിൽ 150 റൺസിലധികം നേടുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന നേട്ടവും ബവുമ സ്വന്തമാക്കി. 1950ൽ ഇതേ വേദിയിൽ 167 റൺസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ആർതർ ലിൻഡ്‌സെ ഹാസറ്റിന്റെ റെക്കോഡാണ് മറികടന്നത്.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ മൂന്ന് റൺസെന്ന നിലയിലാണ്. 422 റൺസ് പിന്നിലാണ് ഓസീസ്. നിക്ക മാഡിൻസനെ പൂജ്യത്തിന് പുറത്താക്കിയ കഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.








0 comments