Deshabhimani

ജിയോ ഓഹരികളുടെ മറവിൽ നില മെച്ചപ്പെടുത്തി റിലയൻസ്; മൊബൈൽ ഫോൺ രംഗത്ത് പയറ്റിയ തന്ത്രത്തിന് തുടര്‍ച്ച

jio ambani
വെബ് ഡെസ്ക്

Published on Oct 21, 2026, 12:59 PM | 2 min read

മുംബൈ:ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരികൾ വിപണിയിലേക്ക് വന്നതോടെ വൻ സാമ്പത്തിക നേട്ടവും മൂല്യവര്‍ധനവും സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ജിയോ ഐപിഒ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് റിലയൻസ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ജിയോ ഐപിഒ പരസ്യങ്ങളും വാര്‍ത്തകളുമായി പൊലിപ്പിച്ച് വിപണി പ്രവേശനം ആഘോഷമാക്കി ഇതിനെ മറികടന്നു.


1,152 രൂപവരെയായി താഴ്ന്ന നിലയിൽ നിന്നാണ് തിരിച്ചു വരവ് നടത്തിയത്. ജിയോയുടെ സബ്സ്ക്രിപ്ഷൻ ആരംഭിച്ചതോടെ റിലയൻസ് ഓഹരികളിൽ ശക്തമായ വാങ്ങൽ തരംഗം കൊണ്ടു വന്നു. വില ഉയര്‍ത്തി. തകര്‍ച്ച പരിഹരിക്കുക മാത്രമല്ല പുതിയ കുതിപ്പിലേക്ക് ഉയര്‍ത്തുകയും ചെയ്തു.


മാത്രമല്ല വിപണിയിൽ പ്രചാരണം കൊഴുപ്പിച്ചും റിലയൻസ് തങ്ങളുടെ ഓഹരി മൂല്യത്തെ ജിയോയ്ക്ക് ഒപ്പം ഉയര്‍ത്താൻ ശ്രമിക്കുന്നു. ജിയോയുടെ ലിസ്റ്റിംഗ് വഴി റിലയൻസ് ഓഹരികളിൽ ഓരോ ഓഹരിക്കും 350 മുതൽ 500 രൂപവരെ എങ്കിലും അധിക മൂല്യം കെെവരുമെന്ന് വിപണി വിദഗ്ധരെ ഉദ്ധരിച്ചുള്ള വാര്‍ത്തകൾ പുറത്തു വിട്ടു.


റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൂന്നിൽ രണ്ട് ഓഹരികളും കൈവശം വെച്ചിരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ആണ്. അതിനാൽ ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂല്യവും ഓഹരി വിലയും ഉയരുമ്പോൾ അതിന്റെ നേരിട്ടുള്ള ഗുണം റിലയൻസിലേക്കും എത്തിച്ചേരുന്ന വിധമാണ് തന്ത്രം മെനഞ്ഞിരിക്കുന്നത്. ഐപിഒയിലൂടെ 30,200 കോടി രൂപയാണ് (ഏകദേശം $3.2 ബില്യൺ) ജിയോ ലക്ഷ്യമിടുന്നത്.


നേരത്തെ പയറ്റിയ തന്ത്രം


റിലയൻസ് ജിയോ ടെലികോം വിപണിയിൽ നേരത്തെ പയറ്റിയ അതേ തന്ത്രങ്ങളുടെയം ബിസിനസ് രീതികളുടെയും തുടര്‍ച്ചയാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഎയിലൂടെ ഒഹരി വിപണിയിലും പ്രയോഗിക്കുന്നത്.


ആദ്യകാലങ്ങളിൽ ഡാറ്റയും കോളുകളും സൗജന്യമായും പിന്നീട് ഏറ്റവും കുറഞ്ഞ നിരക്കിലും നൽകി. എതിരാളികളെ മത്സരത്തിന് പ്രേരിപ്പിച്ചു. കടുത്ത മത്സരത്തിൽ തളരുന്ന വരെ കാത്തിരുന്നു. വിപണയിലെ ഭൂരിഭാഗം ഉപഭോക്താക്കളെയും സ്വന്തമാക്കി. ഇതിനു ശേഷം ഇപ്പോൾ വിപണിയിൽ ഏറ്റവും അധികം നിരക്ക് ഈടാക്കുന്ന നിലയിലേക്ക് മാറി.


ഇത്തരത്തിൽ മൊബൈൽ വിപണിയിലും ടെലകോം രംഗത്തും ഡിജിറ്റൽ സേവനങ്ങളിലും ജിയോ ഉണ്ടാക്കിയ വലിയ മുന്നേറ്റവും ഉപഭോക്തൃ അടിത്തറയുമാണ് ഇപ്പോൾ ജിയോ പ്ലാറ്റ്‌ഫോംസിന് വലിയ വപിണി മൂല്യം നേടിക്കൊടുത്തത്. ഇതോടൊപ്പം റിലയൻസും നില മെച്ചപ്പെടുത്തുന്ന നിലയിലേക്ക് കൂട്ടിക്കെട്ടി. മത്സര ഘട്ടത്തിൽ സാധാരണ ഉപഭോക്താക്കൾക്ക് വലിയ ലാഭ പ്രതിക്ഷയും പ്രതീതിയും നൽകി. ഈ ഘട്ടത്തിൽ കമ്പനിക്ക് നഷ്ടമായ തുക പിന്നീട് അവരിൽ നിന്നു തന്നെ പതുക്കെ പിഴിഞ്ഞെടുത്തു.


ബിഎസ്എൻഎല്ലിനെ തകര്‍ത്ത മാതൃക


മൊബൈൽ രംഗത്ത് കടുത്ത മത്സരം ഉയര്‍ത്തി പിടിച്ചു നിന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ തകര്‍ക്കാൻ സ്പെട്ക്ട്രം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനിന്ന സാഹചര്യവും രാജ്യം കണ്ടു. റിലയൻസ് ലക്ഷക്കണക്കിന് കോടി രൂപ മുടക്കി ഇന്ത്യയിലുടനീളം ശക്തമായ 4G/5G നെറ്റ്‌വർക്ക് ഒരുക്കിയാണ് ജിയോയെ രംഗത്തിറക്കിയത്. ബിഎസ്എൻഎല്ലിന് ഇപ്പോഴും പൂര്‍ണമായി 5ജി സൗകര്യം ഒരുക്കി നൽകിയിട്ടില്ല. ആസ്തികൾ വ്യക്തികൾക്ക് വാടകയ്ക്ക് നൽകി പോലും പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ്.


രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായി മാറിക്കഴിഞ്ഞ റിലയൻസ് ജിയോ ഇൻഫോകോമിന്റെ നിർമ്മാണത്തിനും വിപുലീകരണത്തിനുമായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാണ് ഐപിഒ വഴി ശേഖരിക്കുന്ന തുക പ്രയോജനപ്പെടുത്തുന്നത്. 30,200 കോടി രൂപയാണ് ഓഹരി വിൽപനയിലൂടെ പ്രതീക്ഷിക്കുന്നത്.


റിലയൻസ് ഗ്രൂപ്പിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടോളം കാലത്തിന് ഇടയിലെ ആദ്യ പബ്ലിക് ഓഫറിംഗ് കൂടിയാണ് ജിയോ ഐപിഒ. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി നിക്ഷേപകരിൽ നിന്ന് വിട്ടുനിക്കുന്ന തന്ത്രമാണ് സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മക്കളും ഇരട്ടക്കുട്ടികളുമായ ജിയോ പ്ലാറ്റ്‌ഫോംസ് എം ഡി ആകാശ് അംബാനി, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി എന്നിവരാണ് നിക്ഷേപക റോഡ്‌ഷോകൾക്ക് നേതൃത്വം നൽകിയത്.


ambani kidsഇഷ അംബാനി, ആകാശ് അംബാനി


ഇലോൺ മസ്കിനെ തടഞ്ഞു നിര്‍ത്തിയത്


വിപണിയിൽ ഇനിയും കടുത്ത മത്സരങ്ങളും അതുവഴിയുള്ള ഉപഭോക്താക്കളെ നഷ്ടപ്പെടലും പ്രവചിക്കപ്പെട്ടിട്ടുണ്ട്. റിലയൻസിന് പ്രതിരോധം തീര്‍ത്ത് സ്റ്റാര്‍ ലിങ്കിനെ തടയുന്നതായി വാര്‍ത്തകൾ പുറത്തെത്തിയിരുന്നു. ഇലോൺ മസ്ക് തന്നെ ഇതിനെതിരെ പരസ്യ പ്രതികരണം നടത്തി. സ്റ്റാര്‍ ലിങ്ക് എത്തുന്നതിന് മുൻപേ ഓഹരി വില ഉയര്‍ത്തി നിര്‍ത്തി പരമാവധി സമാഹരണം നടത്തുകയാണ്. സാധാരണ മൊബൈൽ ഉപയോക്താക്കളിൽ നിന്നും വ്യത്യസ്തമായി ഓഹരി വിപണിയിലെ ഇടപാടുകാര്‍ കൂടുതൽ ജാഗ്രതയുള്ളവരാണ് എന്ന യാഥാര്‍ഥ്യവും നിലനിൽക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home