print edition ശ്രേയസ് തിളങ്ങി, മുംബൈ ക്വാർട്ടറിൽ , കർണാടകവും പഞ്ചാബും യുപിയും മുന്നേറി

മുംബൈ
തകർപ്പൻ പ്രകടനത്തോടെ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിലായിരുന്നു ഇന്ത്യൻ ടീം വൈസ് ക്യാപ്‌റ്റന്റെ പ്രകടനം. മുംബൈയെ നയിച്ച ശ്രേയസ് 53 പന്തിൽ 82 റണ്ണുമായി ടീമിന് ജയവുമൊരുക്കി. ഹിമാചൽപ്രദേശിനെ ഏഴ് റണ്ണിന് തോൽപ്പിച്ച മുംബൈ ക്വാർട്ടറിലുമെത്തി.
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് ഏറെ നാളായി പുറത്തായിരുന്നു. മടങ്ങിവരവിലെ ആദ്യ കളിയായിരുന്നു ഇത്. മൂന്ന് സിക്‌സറും പത്ത് ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. 33 ഓവറാക്കി ചുരുക്കിയ കളിയിൽ 51 പന്തിൽ 74 റണ്ണെടുത്ത മുഷീർ ഖാന്റെ പ്രകടനവും ശ്രേദ്ധേയമായി. ഒന്പതിന് 299 ആണ് ടീം നേടിയത്. സൂര്യകുമാർ യാദവിനും (24) യശസ്വി ജയ്സ്വാളിനും (15) തിളങ്ങാനായില്ല. മറുപടിക്കെത്തിയ ഹിമാചൽ പൊരുതിയെങ്കിലും രണ്ട് പന്ത് ബാക്കി നിൽക്കെ 292ന് പുറത്തായി.
ഗ്രൂപ്പ് സിയിൽ പഞ്ചാബാണ് ഒന്നാംസ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നത്. ഗോവയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബിന്റെ മുന്നേറ്റം. ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന് (11) മികച്ച സ്‌കോർ നേടാനായില്ല.
വിദർഭയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഉത്തർപ്രദേശും മുന്നേറി. ഗ്രൂപ്പ് എയിൽ കർണാടക 150 റണ്ണിന് രാജസ്ഥാനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്‌ത കർണാടക ഏഴിന് 324 റണ്ണെടുത്തു. ക്യാപ്‌റ്റൻ മായങ്ക് അഗർവാൾ 101 റണ്ണടിച്ചു. കഴിഞ്ഞ അഞ്ച് കളിയിൽ നാല് സെഞ്ചുറി നേടിയ ദേവ്‌ദത്ത് പടിക്കൽ (82 പന്തിൽ 91) ഒരിക്കൽക്കൂടി തിളങ്ങി.










0 comments