ad
Deshabhimani

ക്ഷമിക്കും പക്ഷേ മറക്കില്ല; ഹർഭജൻ സിങ്ങിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

SREESANTH

വിവാദമായ 2008 ലെ മുംബൈ പഞ്ചാബ് മത്സരത്തിൽ ശ്രീശാന്തും ഹർഭജൻ സിങ്ങും. Photo Credit|PTI

വെബ് ഡെസ്ക്

Published on Apr 25, 2026, 05:28 PM | 1 min read

കൊച്ചി: ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ നടന്ന വിവാദമായ 'സ്ലാപ്‌ഗേറ്റ്' സംഭവം വീണ്ടും ചർച്ചയാകുന്നു. മുൻ ഇന്ത്യൻ സഹതാരമായിരുന്ന ഹർഭജൻ സിങ്ങ് തന്നെ തല്ലിയ സംഭവത്തെ പണമുണ്ടാക്കാനുള്ള മാർഗമായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് മുൻ താരം എസ് ശ്രീശാന്ത് രംഗത്തെത്തി. ഇതേത്തുടർന്ന് ഹർഭജനെ താൻ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തി.


വർഷങ്ങൾക്കിപ്പുറം ഇരുവരും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെട്ടതായും പൊതുവേദികളിൽ സൗഹൃദം പങ്കിടുന്നതായും തോന്നിപ്പിച്ചിരുന്നുവെങ്കിലും പുതിയ സംഭവവികാസങ്ങൾ ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്. തല്ലിയ സംഭവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഒരു പരസ്യത്തിൽ ഹർഭജൻ അടുത്തിടെ അഭിനയിച്ചിരുന്നു. ഇതിനായി ഏകദേശം ഒരു കോടി രൂപയോളം ഹർഭജൻ പ്രതിഫലം വാങ്ങിയതായും ഈ പരസ്യം സ്വന്തം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തന്നെ നിർബന്ധിച്ചതായും ശ്രീശാന്ത് ആരോപിച്ചു.


"ഇതുവരെ ഞാൻ ഹർഭജനെ കുറിച്ച് ഒരു അഭിമുഖത്തിലും സംസാരിച്ചിട്ടില്ല. എന്നാൽ അടുത്തിടെ അദ്ദേഹം ആ സംഭവത്തെ കുറിച്ച് വീണ്ടും ഒരു പരസ്യം ചെയ്തു. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ അദ്ദേഹം സമ്പാദിച്ചു. എന്നിട്ട് ആ വീഡിയോ ഞാൻ സ്റ്റോറിയായി ഇടണം എന്ന് ആവശ്യപ്പെട്ട് എന്നെ വിളിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് ക്ഷമിക്കാനാകും പക്ഷേ മറക്കാനാവില്ല. ഹർഭജന്റെ പ്രവർത്തികൾ വെറും അഭിനയമാണെന്നും അദ്ദേഹവുമായി ഇനി യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.


2008-ൽ മൊഹാലിയിൽ നടന്ന പഞ്ചാബ്-മുംബൈ മത്സരത്തിന് ശേഷമാണ് ഹർഭജൻ ശ്രീശാന്തിനെ തല്ലിയത്. അന്ന് ഹർഭജന് ആ ഐപിഎൽ സീസണിൽ നിന്നും അഞ്ച് ഏകദിനങ്ങളിൽ നിന്നും വിലക്ക് ലഭിച്ചിരുന്നു. അന്ന് ടിവി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞില്ലെങ്കിലും, ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. നീണ്ട 17 വർഷങ്ങൾക്ക് ശേഷം മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയാണ് അന്ന് നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെയാണ് ശ്രീശാന്ത് ഹർഭജനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home