യുവതലമുറ മാറ്റിമറിച്ച ഇന്ത്യൻ ബാറ്റിംഗ് ശൈലി; ട്വന്റി 20 ലോകകപ്പിന് മുൻപ് പ്രതീക്ഷകൾ പങ്കുവെച്ച് സ്മൃതി മന്ദാന

Photo Credit: Social Media
മുംബൈ: ഏകദിന ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശവും അടുത്തിടെ ഓസ്‌ട്രേലിയൻ മണ്ണിൽ നേടിയ ട്വന്റി20 പരമ്പര വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിനായി ഒരുങ്ങുന്നത്.
രാജ്യം മറ്റൊരു ഐസിസി കിരീടം കൂടി ലക്ഷ്യമിടുമ്പോൾ, നിലവിലെ മികച്ച ഫോം വരാനിരിക്കുന്ന ആഗോള വേദിയിലും തുടരാനുള്ള കഠിനാധ്വാനവും ആഗ്രഹവും ടീമിനുണ്ടെന്ന് സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന.
ബിസിസിഐ ടിവിയോട് സംസാരിക്കവെയാണ് താരം ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് മനസ്സ് തുറന്നത്. 50 ഓവർ ലോകകപ്പിലെ വിജയത്തിന് പുറമെ വുമൺസ് പ്രീമിയർ ലീഗും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും ഒരുപാട് കളിക്കാർക്ക് മികച്ച പരിചയസമ്പത്ത് നൽകിയിട്ടുണ്ടെന്ന് മന്ദാന പറഞ്ഞു.
എങ്കിലും ക്രിക്കറ്റിൽ ഓരോ ടൂർണമെന്റും പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടതുണ്ടെന്നും, നിലവിൽ ടീമിലെ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കാൻ വലിയ ആവേശത്തിലാണെന്നും താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചുകാലമായി പവർ ഹിറ്റിംഗ് വിഭാഗത്തിൽ ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. റിച്ചാ ഘോഷ്, ഷഫാലി വർമ്മ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവർ തങ്ങളുടെ ആക്രമണാത്മക ബാറ്റിംഗിലൂടെ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഈ ഭയമില്ലാത്ത സമീപനം സ്മൃതി മന്ദാന ഉൾപ്പെടെയുള്ള ബാറ്റർമാർക്കും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഇതോടെ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ട്വന്റി 20 ഫോർമാറ്റിൽ മുമ്പത്തേക്കാൾ കൂടുതൽ ആഴവും കരുത്തുമേറിയിട്ടുണ്ട്.
ടോപ്പ് ഓർഡർ ബാറ്റർ എന്ന നിലയിൽ പിന്നീട് ക്രീസിലെത്താൻ ഒരുപാട് പവർ ഹിറ്റർമാർ ഉണ്ടെന്നത് വലിയ ആശ്വാസമാണെന്ന് മന്ദാന സമ്മതിച്ചു. പവർ ഹിറ്റിംഗ് പണ്ട് ഇന്ത്യൻ ടീമിന്റെ ഒരു ശൈലിയായിരുന്നില്ലെങ്കിലും ഇപ്പോൾ ഷഫാലിയും റിച്ചയും ഒപ്പമുള്ളപ്പോൾ അത് ടീമിന്റെ വലിയ ആയുധമായി മാറുകയാണ്.
ഹർമൻപ്രീത് കാലങ്ങളായി ഇത് ചെയ്യുന്നുണ്ട്. പവർ ഹിറ്റർമാരുടെ സാന്നിധ്യം തന്നെപ്പോലെയോ ജെമീമ റോഡ്രിഗസിനെപ്പോലെയോ ഉള്ള കളിക്കാർക്ക് സമ്മർദ്ദമില്ലാതെ മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് കണ്ടെത്താൻ സഹായിക്കുമെന്നും സ്മൃതി വ്യക്തമാക്കി.
2014-ൽ തന്റെ 17-ാം വയസ്സിൽ ടി20 ലോകകപ്പിൽ അരങ്ങേറിയ കാലത്തെ ഓർമ്മകളും 29-കാരിയായ താരം പങ്കുവെച്ചു. അന്ന് ലോകവേദിയിലെ പ്രകടനങ്ങളിലൂടെ ഓസ്‌ട്രേലിയൻ ടീം നേടിയെടുത്ത ബഹുമാനമാണ് തനിക്ക് പ്രചോദനമായത്.
ഇന്ത്യൻ ടീം ലോകത്ത് എവിടെ പോയാലും അത്തരമൊരു ആദരവ് നേടിയെടുക്കണമെന്ന ആഗ്രഹമാണ് രാജ്യത്തിനായി ലോകകപ്പ് സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലേക്ക് തന്നെ നയിച്ചതെന്ന് മന്ദാന ഓർത്തെടുത്തു. ജൂൺ 14-ന് ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യ ഇംഗ്ലണ്ടുമായി മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര കളിക്കും.









0 comments