ആഭ്യന്തര ക്രിക്കറ്റിൽ വൻ മാറ്റങ്ങൾ: നോ-ബോളിന് കർശന നടപടി; പുതിയ നിയമങ്ങളുമായി ബിസിസിഐ

മുംബൈ : വരാനിരിക്കുന്ന 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്താൻ തയ്യാറെടുത്ത് ബിസിസിഐ. ബോളിംഗ്, വിക്കറ്റ് കീപ്പിംഗ്, കോച്ചിംഗ് തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ മാറ്റങ്ങളാണ് ക്രിക്കറ്റ് ബോർഡ് നടപ്പിലാക്കുന്നത്. അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും സർക്കുലർ അയച്ചു.
മനഃപൂർവം നോ-ബോൾ എറിയുന്ന ബൗളർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്നതാണ് പ്രധാന മാറ്റം. ഇത്തരത്തിൽ മനഃപൂർവം നോ-ബോൾ എറിയുന്ന താരത്തെ മത്സരത്തിലെ ശേഷിക്കുന്ന മുഴുവൻ ദിവസങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്യും. മുൻപ് ആ ഇന്നിംഗ്സിൽ മാത്രമായിരുന്നു സസ്‌പെൻഷൻ നൽകിയിരുന്നത്. ഇക്കാര്യത്തിൽ ഓൺ-ഫീൽഡ് അമ്പയർമാർക്കായിരിക്കും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം.
മറ്റൊരു പ്രധാന മാറ്റം മത്സരത്തിലെ ദിവസത്തെ അവസാന ഓവറുമായി ബന്ധപ്പെട്ടതാണ്. ഒരു ദിവസത്തിലെ അവസാന ഓവറിൽ വിക്കറ്റ് വീണാലും ആ ഓവർ പൂർത്തിയാക്കണം. മുൻപ് അവസാന ഓവറിൽ വിക്കറ്റ് വീണാൽ ഉടൻ കളി അവസാനിപ്പിച്ച് സ്റ്റംപ് ചെയ്യുന്നതായിരുന്നു രീതി. കൂടാതെ, മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ ടീമുകൾക്ക് ഇന്നിങ്‌സ് ഡിക്ലറേഷൻ നടത്താനോ മത്സരം വിട്ടുകൊടുക്കാനോ സാധിക്കില്ല.
വിക്കറ്റ് കീപ്പർമാർക്കും പരിശീലകർക്കും ആശ്വാസം നൽകുന്ന മാറ്റങ്ങളും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിമുതൽ ബൗളർ പന്തെറിയുന്ന സമയത്ത് മാത്രം കീപ്പറുടെ ഗ്ലൗസുകൾ സ്റ്റമ്പിന് പുറകിലായി വന്നാൽ മതിയാകും. ബൗളർ റൺ-അപ്പ് ആരംഭിക്കുമ്പോൾ തന്നെ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിലുണ്ടാകണമെന്ന പഴയ നിയമത്തിലാണ് ഇളവ് വരുത്തിയത്. ഏകദിന മത്സരങ്ങളിൽ ഹൈഡ്രേഷൻ ബ്രേക്കുകളുടെ സമയത്ത് ടീമുകളുടെ പ്രധാന പരിശീലകർക്ക് ഗ്രൗണ്ടിലിറങ്ങി താരങ്ങൾക്ക് നിർദ്ദേശം നൽകാനും പുതിയ ചട്ടപ്രകാരം അനുമതിയുണ്ട്.









0 comments