Deshabhimani

സിറാജിനെ ഒഴിവാക്കിയതിൽ വിവാദം; രൂക്ഷപ്രതികരണവുമായി മുൻ താരങ്ങൾ

mohammad siraj
വെബ് ഡെസ്ക്

Published on Nov 20, 2026, 05:21 PM | 2 min read

മുംബൈ: ന്യൂസിലന്റിനെതിരായ ആദ്യ ടെസ്‌റ്റ്‌ മത്സരത്തിലെ പ്ലേയിങ്‌ ഇലവനിൽ നിന്ന്‌ ഫസ്‌റ്റ്‌ ബ‍ൗളർ മുഹമ്മദ്‌ സിറാജിനെ ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. പ്രമുഖരായ മുൻ താരങ്ങളും ക്രിക്കറ്റ്‌വിദഗ്‌ധരും രാഷ്‌ട്രീയ നേതൃത്വവുമടക്കം വിയോജിപ്പുമായി രംഗത്തെത്തി. എന്നാൽ, ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗില്ലും ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടകും ന്യായീകരണവുമായി രംഗത്തു വന്നു.


നവംബർ 19ന് വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിച്ച മത്സരത്തിൽ ജസ്‌പ്രിത് ബുംറയ്‌ക്കൊപ്പം പ്രസീദ്‌ കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കംബോജ് എന്നിവരെയാണ് ഇന്ത്യ പേസ് നിരയിൽ ഉൾപ്പെടുത്തിയത്. മുതിർന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിന് അവസരം നൽകിയതിലും എതിർപ്പ്‌ ഉയർന്നിട്ടുണ്ട്‌.


സിറാജിനെ മാറ്റിനിർത്തിയത്‌ വലിയ അബദ്ധവും കടുത്ത അനീതിയുമാണെന്നാണ്‌ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്‌. 2024 മുതൽ 18 ടെസ്‌റ്റുകളിൽ തുടർച്ചയായി കളിച്ച സീനിയർ താരത്തെയാണ്‌ പറയത്തക്ക കാരണമൊന്നുമില്ലാതെ മാറ്റി നിർത്തിയത്‌. അന്താരാഷ്‌ട്ര ടെസ്‌റ്റ് മത്സരങ്ങളുടെ ഇ‍ൗ സീസണിൽ 26.81 ശരാശരിയിൽ 43 വിക്കറ്റ്‌ നേടി സിറാജ്‌ മികച്ച ഫോമിലുമാണ്‌. വിദേശപിച്ചുകളിൽ നല്ല പ്രകടനം പതിവുമാണ്‌.


ന്യൂസിലന്റിലെ വെല്ലിങ്‌ടണിൽ നടക്കുന്ന ടെസ്‌റ്റിൽ ജസ്‌പ്രീത്‌ ബുംറയ്‌ക്കൊപ്പം കളിച്ച പേസർമാരുടെ പരിചയക്കുറവ്‌ ടീമിന്‌ തിരിച്ചടിയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ബുംറയുടെ മാരക സ്‌പെൽ ന്യൂസിലന്റിനെ അഞ്ചു വിക്കറ്റിന്‌ 70 റൺസ്‌ എന്ന നിലയിൽ എത്തിച്ചിരുന്നു. എന്നാൽ, ബുംറയ്‌ക്ക്‌ മറ്റാരും പിന്തുണ നൽകാത്തതിനാൽ അടുത്ത വിക്കറ്റിൽ എതിരാളികൾ 173 റണ്ണാണ്‌ കൂട്ടിചേർത്തത്‌. ഹെൻറി നിക്കോൾസും ഗ്ലെൻ ഫിലിപ്‌സും ചേർന്നുള്ള കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെയാണ്‌ സിറാജിന്റെ അഭാവം വിവാദമായത്‌.


സിറാജ്‌ ഇന്ത്യയുടെ മികച്ച നാല് ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഉൾപ്പെടാതെ പോയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സുനിൽ ഗവാസ്കർ തുറന്നടിച്ചു. സിറാജ്‌ ഇതുവരെ ടീമിനെ നിരാശപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിറാജിന്റെ പരിചയസമ്പത്തും പോരാട്ടവീര്യവും അവഗണിച്ചുവെന്ന് രവി ശാസ്ത്രി വിമർശിച്ചു. പരിശീലകൻ ഗൗതം ഗംഭീറിന്റെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും തീരുമാനങ്ങൾ താരങ്ങളോടുള്ള അനീതിയാണെന്ന് ആർ അശ്വിൻ അഭിപ്രായപ്പെട്ടു. ദിനേഷ് കാർത്തിക്, വീരേന്ദർ സെവാഗ്, വസീം ജാഫർ എന്നിവരും സിറാജിനെ ഒഴിവാക്കിയത്‌ കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. പ്രമുഖ കമന്റേറ്ററും ക്രിക്കറ്റ്‌ വിദഗ്‌ധനുമായ ഹർഷ ബോഗ്‌ലെയും വിയോജിപ്പ്‌ പ്രകടിപ്പിച്ചു.


ഇതിനിടെ രാഷ്‌ട്രീയരംഗത്തു നിന്നും സിറാജിന്‌ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം ഉണ്ടായി. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ ഒഴിവാക്കിയത് പേരും മതവും കാരണമാണെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചു. ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് വർഗീയതയും വോട്ട് ബാങ്ക് രാഷ്ട്രീയവും കലർത്തുകയാണെന്നാണ്‌ ഇതിനോട്‌ ബിജെപി പ്രതികരിച്ചത്‌. അമിത്‌ ഷായുടെ മകൻ ജയ്‌ ഷായാണ്‌ ബിസിസിഐ യെ നിയന്ത്രിക്കുന്നത്‌. ജയ്‌ ഷാ നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ ക‍ൗൺസിൽ പ്രസിഡന്റാണ്‌. ഇന്ത്യൻ നായകൻ ഗ‍ൗതം ഗംഭീർ 2019–24 കാലയളവിൽ ഡൽഹിയിൽ നിന്നുള്ള ബിജെപിയുടെ എംപിയായിരുന്നു. അതിനു ശേഷമാണ്‌ ഇന്ത്യൻ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്‌.


എട്ട്, ഒൻപത് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർമാരെയും ഉയരമുള്ള പേസർമാരെയും ഉൾപ്പെടുത്താനാണ് ശ്രമിച്ചതെന്നാണ്‌ ശുഭ്മാൻ ഗിൽ പറഞ്ഞത്‌. സിറാജിനെ ഒഴിവാക്കിയത് പ്രയാസകരമായ തീരുമാനമായിരുന്നുവെന്നും സമ്മതിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home