ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾ ബോളിൽ കൃതിമത്വം കാണിച്ചുവെന്ന് മുൻ പാക് താരം

PHOTO: Facebook/Indian Cricket Team

Sports Desk
Published on Aug 07, 2025, 04:04 PM | 1 min read
ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവർ ബോളിൽ കൃതിമത്വം കാണിച്ചതായി ആരോപണം. പാകിസ്ഥാൻ മുൻ പേസർ ഷബ്ബീർ അഹമ്മദാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. മത്സരത്തിലെ നാല്, അഞ്ച് ദിവസങ്ങളിൽ ഉപയോഗിച്ച പന്തുകൾ അമ്പയർമാർ പരിശോധനയ്‌ക്കയക്കണമെന്നും ഷബ്ബീർ പറഞ്ഞു. ബോളിന്റെ ഷൈൻ നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യൻ ബൗളർമാർ വാസലിൻ ഉപയോഗിച്ചെന്നാണ് മുൻ പാക് താരത്തിന്റെ ആരോപണം.
ആൻഡേഴ്‌സൺ–ടെൻഡുൽക്കർ ട്രോഫിയിലെ അഞ്ചാം മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിന് ശേഷമാണ് ഷബ്ബീർ അഹമ്മദ് ആരോപണവുമായി രംഗത്തെത്തിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ് കൃഷ്ണയുടെയും പ്രകടനമാണ് അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരയുള്ള ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇംഗ്ലണ്ടിന് ജയിക്കാൻ ആറ് റൺ വേണ്ടിയിരുന്നപ്പോൾ അവസാന വിക്കറ്റ് നേടി സിറാജ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇതിന് മുൻപും ഷബ്ബീർ അഹമ്മദ് ഇന്ത്യൻ ബൗളർമാർക്കെതിരെ സമാന രീതിയിലുള്ള ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിലെ ഇന്ത്യൻ ഫാസ്റ്റ് ബോളിങ് ത്രയമായ മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കെതിരെ താരം ആരോപണമുന്നയിച്ചിട്ടുണ്ട്. 2024ലെ ട്വന്റി–20 ലോകകപ്പ് വേളയിൽമുൻ പാക് ക്യാപ്‌റ്റൻ ഇൻസമാം ഉൾ ഹഖ് അർഷ്‌ദീപ് സിങ്ങിനെതിരെ ആരോപണമുന്നയിച്ചിരുന്നു.








0 comments