ad
Deshabhimani

ഒടുവിൽ ഗില്ലിനെ കൈവിട്ടു

shubhmangill.
വെബ് ഡെസ്ക്

Published on Dec 20, 2025, 11:19 PM | 1 min read

മുംബെൈ : ശുഭ്‌മാൻ ഗില്ലിനെ ലോകകപ്പ്‌ ടീമിൽനിന്ന്‌ ഒഴിവാക്കിയത്‌ അപ്രതീക്ഷിത തീരുമാനമായിരുന്നു. കഷ്ടിച്ച്‌ രണ്ട്‌ മാസമേയുള്ളൂ ലോകകപ്പിന്‌. ഇ‍ൗ സാഹചര്യത്തിൽ ഇന്ത്യൻ ടീം സെലക്ടർമാരെ കടുത്ത തീരുമാനത്തിന്‌ പ്രേരിപ്പിച്ചത്‌ പുറത്തുനിന്നുള്ള വിമർശനങ്ങളാണ്‌.


മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലും ഗില്ലിന്‌ ട്വന്റി20യിൽ തുടർച്ചയായ അവസരങ്ങളാണ്‌ കിട്ടിയിരുന്നത്‌. മൂന്ന്‌ വിഭാഗത്തിലും ഒരു ക്യാപ്‌റ്റനെന്ന ടീം മാനേജ്‌മെന്റിന്റെ ചിന്തയാണ്‌ ഇതിനുകാരണമായത്‌. വൈസ്‌ ക്യാപ്‌റ്റനായി എത്തിയശേഷം ഓപ്പണറായി കളിച്ച്‌ 15 ഇന്നിങ്‌സിൽ ഗിൽ നേടിയത്‌ 291 റൺ മാത്രം. 137.26 ബാറ്റിങ്‌ പ്രഹരശേഷി. ഒരു അർധസെഞ്ചുറി പോലുമില്ല. മറുവശത്ത്‌ കഴിഞ്ഞ വർഷം മൂന്ന്‌ സെഞ്ചുറിയടിച്ച സഞ്‌ജു സാംസൺ പകരക്കാരുടെ ബഞ്ചിലായി. കഴിഞ്ഞ ദിവസം ഗില്ലിന്‌ പരിക്കേറ്റതിനാൽ മാത്രം കഴിഞ്ഞ ദിവസം സഞ്‌ജുവിന്‌ അവസരം കിട്ടി. ദക്ഷിണാഫ്ര-ിക്കയുമായുള്ള ആദ്യ മ‍ൂന്ന്‌ കളിയിൽ ഗിൽ ആകെ നേടിയത്‌ 32 റണ്ണാണ്‌. നേരിട്ടത്‌ 31 പന്തും. സഞ്‌ജു ഒറ്റക്കളിയിൽ 22 പന്തിൽ 37 റണ്ണടിച്ചു. എല്ലാ ബാറ്റർമാരും തകർത്തുകളിച്ച മത്സരത്തിൽ 30 റണ്ണിന്‌ ഇന്ത്യ ജയവും പരന്പരയും നേടി. ട്വന്റി20യിൽ തുടർച്ചയായ 14–ാം പരന്പര.


സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോ-ഫി ജേതാക്കളായ ജാർഖണ്ഡിന്‌ വേണ്ടി പുറത്തെടുത്ത തകർപ്പൻ കളി ഇഷാൻ കിഷന്‌ തുണയായി. ഫൈനലിലെ സെഞ്ചുറി ഉൾപ്പെടെ 517 റണ്ണടിച്ചുകൂട്ടി. ഇതോടെയാണ്‌ മറ്റൊരു വിക്കറ്റ്‌ കീപ്പറായ ജിതേഷ്‌ ശർമയുടെ സ്ഥാനം തെറിച്ചത്‌. ഇടംകൈയൻ, ഓപ്പണർ എന്നത്‌ കിഷന്‌ മുൻതൂക്കം നൽകി. ജിതേഷിന്റെ സ്ഥാനത്ത്‌ റിങ്കു സിങ്ങും കളിക്കും. അതേസമയം, മോശം പ്രകടനം തുടരുന്ന സൂര്യകുമാർ യാദവിൽ സെലക്ടർ അജിത്‌ അഗാർക്കറും പരിശീലകൻ ഗ‍ൗതം ഗംഭീറും ഒരിക്കൽക്കൂടി വിശ്വാസമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ 22 ഇന്നിങ്‌സിൽ 244 റൺ മാത്രമാണ്‌ സന്പാദ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home