ബിസിസിഐയുടെ 'ക്രിക്കറ്റർ ഓഫ് ദ ഇയർ' ഗില്ലിന് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ

ശുഭ്മാന്‍ ഗിൽ
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ ഉന്നത ബഹുമതികളിലൊന്നായ ബിസിസിഐയുടെ 'ക്രിക്കറ്റർ ഓഫ് ദ ഇയർ' പുരസ്‌കാരം ഗില്ലിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 15 ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
തിളക്കമാർന്ന പ്രകടനം ടെസ്റ്റിലും ഏകദിനത്തിലും
2025ൽ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലെ പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 983 റൺസും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 70 റൺസിന് മുകളിൽ ശരാശരിയും നേടി ഏകദിനത്തിലും മികവ് തുടർന്നു. ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 188 റൺസ് ഉൾപ്പെടെ 490 റൺസാണ് നേടിയത്. എല്ലാ ഫോർമാറ്റുകളിലുമായി 49 റൺസ് ശരാശരിയിൽ 7 സെഞ്ച്വറികളും 3 അർദ്ധ സെഞ്ച്വറികളും 1,764 റൺസും ഗിൽ സ്വന്തമാക്കി.
തിരിച്ചടിയായി ട്വന്റി20 ഫോം
ട്വന്റി20 യിൽ ഗില്ലിന്റെ മോശം ഫോം വിമർശനങ്ങൾക്ക് കാരണമായി. ഏഷ്യാ കപ്പിൽ താരം ഓപ്പണറായി എത്തിയതോടെ സഞ്ജു സാംസൺ - അഭിഷേക് ശർമ്മ സഖ്യത്തെ മധ്യനിരയിലേക്ക് മാറ്റേണ്ടി വന്നു. 15 മത്സരങ്ങളിൽ നിന്ന് 137.26 സ്ട്രൈക്ക് റേറ്റിൽ 291 റൺസ് മാത്രമാണ് ഗിൽ നേടിയത്.
ഐപിഎൽ ലക്ഷ്യം തിരിച്ചുവരവ്
ട്വന്റി20 ലോകകപ്പിൽ ഗിൽ ടീമിന്റെ ഭാഗമായിരുന്നില്ല. മലയാളി താരം സഞ്ജു സാംസന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. ഐപിഎൽ ഗുജറാത്ത് ടൈറ്റൻസ് നായകനായ ഗില്ലിന് 2026 സീസൺ നിർണ്ണായകമാണ്. മത്സരത്തിലൂടെ ട്വന്റി20 ഫോർമാറ്റിലേക്ക് തിരിച്ചുവരാനാണ് താരം ലക്ഷ്യമിടുന്നത്.
മാർച്ച് 31ന് പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്തിന്റെ ആദ്യ മത്സരം.










0 comments