ad
Deshabhimani

print edition ഏകദിന ടീമിൽ ഗിൽ തിരിച്ചെത്തി, സിറാജ്‌ ടീമിൽ

India Australia T20
വെബ് ഡെസ്ക്

Published on Jan 04, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ന്യൂസിലൻഡുമായുള്ള ഏകദിന ക്രിക്കറ്റ്‌ പരന്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ ശുഭ്‌മാൻ ഗിൽ നയിക്കും. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ്‌ അയ്യരും ടീമിലേക്ക് മടങ്ങിയെത്തി. പേസർ മുഹമ്മദ്‌ സിറാജിനും ഇടംകിട്ടി. 11നാണ്‌ മൂന്ന്‌ മത്സര പരന്പരയ്‌ക്ക്‌ തുടക്കം.


പുറംവേദനയെ തുടർന്ന്‌ ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരന്പരയിൽ ഗിൽ കളിച്ചിരുന്നില്ല. ട്വന്റി20യിൽ മൂന്ന്‌ കളിയിലിറങ്ങി. ഇതിനിടെ കാലിന്‌ പരിക്കേറ്റു. വിജയ്‌ ഹസാരെയിലും ആദ്യ മത്സരങ്ങളിലുണ്ടായില്ല. സിക്കിമുമായുള്ള മത്സരത്തിനുള്ള പഞ്ചാബ്‌ ടീമിൽ ഉൾപ്പെട്ടെങ്കിലും ഭക്ഷ്യ വിഷബാധ കാരണം ഇറങ്ങാനുമായില്ല. വിജയ് ഹസാരെയിൽ തുടർന്നുള്ള കളികളിൽ ഇറങ്ങിയേക്കും.


ശ്രേയസിന്‌ ശാരീരികക്ഷമത വീണ്ടെടുത്താൽ മാത്രമേ കളിക്കാനാകൂ. ഓസീസിനെതിരെ ക്യാച്ചെടുക്കുന്നതിനിടെയാണ്‌ വൈസ്‌ ക്യാപ്‌റ്റന്‌ പരിക്കേറ്റത്‌. ഇരുവരും തിരിച്ചെത്തിയതോടെ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും തിലക്‌ വർമയും പുറത്തായി. ഋതുരാജ്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയിരുന്നു. ധ്രുവ് ജുറേലും ടീമിലില്ല. ഗിൽ, ശ്രേയസ്‌ എന്നിവർക്കൊപ്പം മുതിർന്ന താരങ്ങളായ രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി എന്നിവരും ബാറ്റിങ്‌ നിരയിലുണ്ട്‌. കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ എന്നിവരും തുടർന്നു. ഋഷഭ്‌ പന്താണ്‌ രണ്ടാം വിക്കറ്റ്‌ കീപ്പർ. പന്തിനെ മാറ്റുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും സെലക്ഷൻ സമിതി ഇടംകൈയനിൽ ഒരിക്കൽക്കൂ‍ടി വിശ്വാസമർപ്പിക്കുകയായിരുന്നു.


സിറാജിന്റെ തിരിച്ചുവരവ്‌ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരന്പരയിൽ പേസറെ ഉൾപ്പെടുത്തിയിരുന്നില്ല. ജസ്‌പ്രീത്‌ ബുമ്രയ്‌ക്കും ഓൾ റ‍ൗണ്ടർ ഹാർദിക്‌ പാണ്ഡ്യക്കും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ്‌ സിറാജ്‌ തിരിച്ചെത്തിയത്‌. അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്ന മുഹമ്മദ്‌ ഷമിയെ പരിഗണിച്ചില്ല. ഹർഷിത്‌ റാണ, പ്രസിദ്ധ്‌ കൃഷ്‌ണ, അർഷ്‌ദീപ്‌ സിങ്‌ എന്നിവരാണ്‌ മറ്റ്‌ പേസർമാർ. ഓൾറ‍ൗണ്ടർമാരായി രവീന്ദ്ര ജഡേജ, നിതീഷ്‌ കുമാർ റെഡ്ഡി, വാഷിങ്‌ടൺ സുന്ദർ എന്നിവരുൾപ്പെട്ടു. കുൽദീപ്‌ യാദവാണ്‌ സ്‌പിന്നർ.


ടീം: ശുഭ്‌മാൻ ഗിൽ, രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, കെ എൽ രാഹുൽ, വാഷിങ്‌ടൺ സുന്ദർ, രവീന്ദ്ര ജഡേജ,‍ മുഹമ്മദ്‌ സിറാജ്‌, ഹർഷിത്‌ റാണ, പ്രസിദ്ധ്‌ കൃഷ്‌ണ, കുൽദീപ്‌ യാദവ്‌, ഋഷഭ്‌ പന്ത്‌, നിതീഷ്‌കുമാർ റെഡ്ഡി‍‍, അർഷ്‌ദീപ്‌ സിങ്‌, യശസ്വി ജയ്‌സ്വാൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home