ad
Deshabhimani

ക്യാപ്റ്റൻസിയിൽ പരാജയം; ശ്രേയസ് അയ്യർക്കെതിരെ സമ്മർദ്ദം ശക്തം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം

sreyas

ശ്രേയസ് അയ്യർ |Photo: IANS

വെബ് ഡെസ്ക്

Published on Jul 12, 2026, 11:05 PM | 1 min read

ലണ്ടൻ : ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനമേറ്റെടുത്തതിന് പിന്നാലെ തുടർച്ചയായ തോൽവികൾ നേരിടുന്ന ശ്രേയസ് അയ്യർക്കെതിരെ സമ്മർദ്ദം ശക്തമാകുന്നു. ഏഴ് മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടും ഒരു വിജയം പോലും സ്വന്തമാക്കാൻ അയ്യർക്ക് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ഇന്ത്യ 4-0 നാണ് തോറ്റത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും, പിന്നീടുള്ള നാല് മത്സരങ്ങളിലും ഇംഗ്ലണ്ട് വിജയിച്ചു. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ആദ്യ ട്വന്റി20 പരമ്പര വിജയമാണിത്.


എന്നാൽ, മോശം തുടക്കത്തിനിടയിലും അയ്യർക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വസിം ജാഫർ രംഗത്തെത്തി. അയ്യരുടെ ക്യാപ്റ്റൻസിയിൽ തെറ്റുകുറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ടീമിന്റെ മൊത്തത്തിലുള്ള മോശം പ്രകടനമാണ് തോൽവിക്ക് കാരണമെന്നും ജാഫർ പറഞ്ഞു. അയ്യർ മോശം ക്യാപ്റ്റനാണെന്ന് ഞാൻ കരുതുന്നില്ല. ആരും ഒറ്റരാത്രികൊണ്ട് മോശം ക്യാപ്റ്റനാകില്ല.


ഐപിഎല്ലിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ നായകത്വ മികവിനെ നമ്മൾ ഒരുപാട് പ്രശംസിച്ചതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ ലഭിക്കുന്ന ആദ്യ അവസരമാണിത്. ഈ വെല്ലുവിളി അതിജീവിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. പരമ്പരയിൽ റൺസ് നേടാനും അയ്യർക്ക് സാധിച്ചിട്ടുണ്ട്. ഒരു ടീം എന്ന നിലയിൽ നമ്മൾ മോശമായാണ് കളിച്ചത്. ഭാവിയിലേക്ക് ശ്രേയസ് അയ്യർ മികച്ചൊരു ചോയ്സ് തന്നെയാണ്, ജാഫർ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.


അടുത്ത ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട് പുതിയ കോമ്പിനേഷനുകൾ പരീക്ഷിക്കുക എന്നതായിരുന്നു ഈ പരമ്പരകളുടെ ലക്ഷ്യമെന്നും ജാഫർ കൂട്ടിച്ചേർത്തു. ഒരു പരീക്ഷണ പരമ്പരയായാണ് ഇതിനെ കാണേണ്ടത്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ കളിച്ചത്. പുതിയ ക്യാപ്റ്റന് കീഴിൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ സെലക്ടർമാരും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ആഗ്രഹിച്ചിരുന്നു.


വരാനിരിക്കുന്ന ലോകകപ്പിൽ ആരെയൊക്കെ വിശ്വസിക്കാമെന്ന് വിലയിരുത്താനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്. ജയത്തിനപ്പുറം, വിദേശ സാഹചര്യങ്ങളിൽ താരങ്ങളുടെ പ്രകടനം വിലയിരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിലൂടെ ഭാവിയിലേക്ക് ടീമിന് അനുയോജ്യരായ കളിക്കാരെ കണ്ടെത്താൻ മാനേജ്മെന്റിന് സാധിക്കും, ജാഫർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home