റീത്ത് വച്ച് അവസാന ഓട്ടവും പൂര്‍ത്തിയാക്കി ചീനിക്കാസ്

ചാലക്കുടി
റീത്ത് വച്ച് അവസാനത്തെ ഓട്ടവും പൂര്‍ത്തിയാക്കി ചീനിക്കാസ് ബസിന്റെ അന്തര്‍സംസ്ഥാന സര്‍വീസ് അവസാനിപ്പിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി കാനനപാതയിലൂടെയുള്ള ചാലക്കുടി-–വാല്‍പ്പാറ സര്‍വീസാണ് നിലച്ചത്. 62 വര്‍ഷമായുള്ള ഈ പെര്‍മിറ്റ് 2018നാണ് ചീനിക്കാസ് ഗ്രൂപ്പ് ഏറ്റെടുത്തത്. രണ്ട് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്. കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര ആരംഭിച്ചതോടെ സര്‍വീസിന്റെ താളംതെറ്റിച്ചു. രാവിലെ 6.45ന് ചാലക്കുടിയില്‍ നിന്ന് പുറപ്പെട്ട് പകൽ 11.30ന് വാല്‍പ്പാറയിലെത്തുകയും തിരിച്ച് 12ന് പുറപ്പെട്ട് 5ന് ചാലക്കുടിയിലെത്തുന്ന തരത്തിലാണ് ആദ്യ സര്‍വീസ്. പകൽ 1.30ന് ചാലക്കുടിയില്‍ നിന്ന് പുറപ്പെട്ട് വാല്‍പ്പാറയിലെത്തി പിറ്റേന്ന് രാവിലെ 7.30ന് വാല്‍പ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് പുറപ്പെടുന്ന തരത്തിലാണ് രണ്ടാമത്തെ സർവീസ്. ശനിയാഴ്ച ഇരു സര്‍വീസുകളും നിര്‍ത്തിയതോടെ ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായും ഇല്ലാതായി. ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഏറെ ഉപകാരമായിരുന്ന സര്‍വീസുകളാണ് നിലച്ചത്. പ്രതിദിനം ഓരോ സര്‍വീസിനും ആറായിരം രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് ബസുടമകള്‍ പറയുന്നു.വലിയ നഷ്ടം സഹിച്ച് സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നിര്‍ത്തുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ പത്തോളം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടമായി. കോവിഡ് കാലത്ത് ആദിവാസികളേയും തോട്ടം തൊഴിലാളികളേയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചീനിക്കാസ് ബസുകള്‍ സൗജന്യമായി എത്തിച്ചിരുന്നു. അനുകൂല സാഹചര്യമുണ്ടായാല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ബസുടമകള്‍ പറഞ്ഞു. മുന്നില്‍ റീത്ത് വച്ചാണ് രണ്ട് ബസുകളും അവസാന സര്‍വീസ് നടത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ ബസ് ജീവനക്കാര്‍ക്ക് പൂച്ചെണ്ടുകള്‍ നൽകി യാത്രക്കാരും ആദിവാസികളും തോട്ടംതൊഴിലാളികളും യാത്രയയപ്പ് നൽകി.











0 comments