ad
Deshabhimani

മഴ തിരിച്ചെത്തി;
നിറയാനൊരുങ്ങി അണക്കെട്ടുകൾ

മഴമേഘങ്ങളെ കാത്ത്...തിരുവാതിര ഞാറ്റുവേല തുടങ്ങിയിട്ടും മഴക്കാലം ശക്തി പ്രാപിച്ചിട്ടില്ല. ജലാശയങ്ങളിൽ വരൾച്ചയുടെ അടയാളങ്ങൾ തെളിഞ്ഞു കാണാം. പുന്നപ്പാറ മലയിൽനിന്നുള്ള മലമ്പുഴ അണക്കെട്ടിന്റെ ദൃശ്യം.

തിരുവാതിര ഞാറ്റുവേല തുടങ്ങിയിട്ടും മഴക്കാലം ശക്തി പ്രാപിച്ചിട്ടില്ല. ജലാശയങ്ങളിൽ വരൾച്ചയുടെ അടയാളങ്ങൾ തെളിഞ്ഞു കാണാം. പുന്നപ്പാറ മലയിൽനിന്നുള്ള മലമ്പുഴ അണക്കെട്ടിന്റെ ദൃശ്യം.

വെബ് ഡെസ്ക്

Published on Jul 13, 2026, 01:34 AM | 1 min read

പാലക്കാട്‌

മഴ സജീവമായതോടെ അണക്കെട്ടുകളിൽ വെള്ളമെത്തിത്തുടങ്ങി. കഴിഞ്ഞയാഴ്‌ചയെ അപേക്ഷിച്ച്‌ ജലനിരപ്പിൽ നേരിയ മാറ്റമുണ്ട്. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളിൽ രണ്ട്‌ മീറ്ററോളം ജലനിരപ്പ്‌ ഉയർന്നു. ശിരുവാണി, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിലും അളവിൽ മാറ്റമുണ്ട്‌. ഇവിടെ കുടിവെള്ളത്തിനായി വെള്ളം തുറന്ന്‌ വിടുന്നുണ്ട്‌. ഇത്തവണ വേനൽമഴ പ്രതീക്ഷ തെറ്റിച്ചപ്പോൾ അണക്കെട്ടുകളുടെ അടിത്തട്ട്‌ കണ്ടിരുന്നു. വേനലിൽ സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ വേനൽമഴ ലഭിച്ചത്‌ പാലക്കാടാണ്‌. കഴിഞ്ഞ വേനലിനെ അപേക്ഷിച്ച്‌ 38 ശതമാനം കുറവ്‌ മഴയാണ്‌ ലഭിച്ചത്‌. മാർച്ച്‌ ഒന്നുമുതൽ മെയ്‌ അവസാനംവരെ 128.5 മില്ലിമീറ്റർ മഴ മാത്രമാണ്‌ ലഭിച്ചത്‌. ഇതോടെ മിക്ക അണക്കെട്ടുകളിലും സംഭരണ ശതമാനം 15ലും താഴെയായി. ജൂൺ ആദ്യവാരം മഴ തുടങ്ങിയെങ്കിലും പ്രതീക്ഷ തെറ്റിച്ചു. ആദ്യ അഞ്ച്‌ ദിവസത്തിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 15 ശതമാനം അധിക മഴയുണ്ടായി. എന്നാൽ രണ്ടാം ആഴ്‌ചയിൽ മഴ കുറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചപ്പോഴൊന്നും മഴയുണ്ടായില്ല. 354.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 237.9 മില്ലിമീറ്റർ മാത്രമാണ്‌ ലഭിച്ചത്‌. ജൂലൈയിൽ മറ്റ്‌ ജില്ലകളിൽ മൺസൂൺ തകർത്ത്‌ പെയ്തപ്പോഴും ജില്ലയിൽ ആവശ്യത്തിനുള്ള മഴ ലഭിച്ചിരുന്നില്ല. ഒരാഴ്‌ചയായി വീണ്ടും മഴ ശക്തിപ്രാപിച്ചതോടെയാണ്‌ അണക്കെട്ടുകളിൽ വെള്ളം എത്തിത്തുടങ്ങിയത്‌. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇപ്പോഴും ജില്ലയിൽ ആവശ്യത്തിന്‌ മഴ ലഭിച്ചിട്ടില്ല. ജൂലൈയിൽ ഇതുവരെ 27 ശതമാനം കുറവ്‌ മഴയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ വർഷം ഇ‍ൗ ദിവസങ്ങളിൽ അണക്കെട്ടുകളിൽ മിക്കതിലും ഷട്ടറുകൾ തുറന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home