ad
Deshabhimani

വാട്ടർ വില്ലേജിന്റെ ചായ ‘വൈബി’ന്‌ മധുരം ഏറെ...

വാട്ടർ വില്ലേജിൽ അസ്തമയം കാണാനെത്തിയവർ

വാട്ടർ വില്ലേജിൽ അസ്തമയം കാണാനെത്തിയവർ

വെബ് ഡെസ്ക്

Published on Jul 13, 2026, 01:36 AM | 1 min read

എ സജീവ് കുമാർ കൊയിലാണ്ടി ​ചായ കുടിക്കാനായി കുന്നും ചെരിവും ചുരങ്ങളും താണ്ടി യാത്ര ചെയ്യുന്നവരാണ്‌ മലയാളികൾ. ചായയോടൊപ്പം ആ അന്തരീക്ഷവുമാണ്‌ സഞ്ചാരികൾക്ക്‌ പ്രിയം. ‘മധുരി’ക്കുന്ന ചായയുമായി മാടിവിളിക്കുകയാണ്‌ ഉള്ളൂർക്കടവിലെ ചേലിയ വാട്ടർ വില്ലേജ്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ വാട്ടർ വില്ലേജിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജെൻസി – ജെൻ ആൽഫ സംഘത്തിന്റെ തിരക്കാണിവിടെ. കണ്ടൽക്കാടിനെയും പുഴയെയും വേർതിരിക്കുന്ന മൺതിട്ടയിൽ തീർത്ത ചായക്കടയാണ്‌ പ്രധാന ആകർഷണം. നദീതീരത്ത് നൂറുപേരെ ഉൾക്കൊള്ളാവുന്ന പരിസ്ഥിതി സൗഹൃദ ഹാളിൽ വേറെയും ഭക്ഷണശാലയുമുണ്ട്‌. പുഴയോരത്തിനുചുറ്റും നിറഞ്ഞുനിൽക്കുന്ന കണ്ടൽക്കാടുകളുടെ ദൃശ്യം കണ്ണിന്‌ കുളിർമയേകും. സീസണിൽ നിരവധി ദേശാടനപ്പക്ഷികളെത്തുന്ന ഇവിടെ ഇരുപത്തിരണ്ടോളം പക്ഷി ഇനങ്ങൾ ഏതു സമയത്തുമുണ്ടാകും. ചേലിയ വാട്ടർ വില്ലേജ് മാനേജിങ്‌ ഡയറക്‌ടർ ഹാഷിം ചെറേക്കാടിന്റെ നേതൃത്വത്തിൽ 16 ഏക്കറോളം സ്ഥലത്താണ് വാട്ടർ വില്ലേജ് ഒരുക്കിയത്. പുഴയിൽ ആഴം കുറവായതിനാൽ പകലും രാത്രിയും കയാക്കിങ്‌ സൗകര്യവുമുണ്ട്. മനോഹരമായ സൂര്യാസ്തമയ ദൃശ്യവും രാത്രികളിലെ കയാക്കിങ്ങുമെല്ലാം മധുരാനുഭവമാണ്‌. രാത്രി ഒമ്പതുവരെ ചെലവഴിക്കാം. വാട്ടർ വില്ലേജ് പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള ഒരുക്കത്തിലാണ്‌. ദേശീയപാതയിൽ കൊയിലാണ്ടിക്കടുത്തുള്ള ചെങ്ങോട്ടുകാവിൽനിന്ന് രണ്ടുകിലോമീറ്റർ കിഴക്കും‍, എളാട്ടേരി പൂതപ്പാറയ്ക്കപ്പുറം ചേലിയ ഇലാഹിയ കോളേജിന് സമീപം കോരപ്പുഴയുടെ തീരത്തുമാണ്‌ വാട്ടർ വില്ലേജ്. രാത്രി തങ്ങാനുള്ള സൗകര്യവും വൈകാതെ ഒരുക്കുമെന്ന് ഡയറക്ടർ പറഞ്ഞു. ഇന്റഗ്രേറ്റഡ് ഫാം ടൂറിസം പദ്ധതിയായതിനാൽ ജൈവ പച്ചക്കറി കൃഷി, കോഴി, ആട്, മീൻ വളർത്തൽ സംരംഭങ്ങളുമുണ്ട്. എളുപ്പം എത്തിച്ചേരാൻ പുഴയോരത്തുകൂടി റോഡും നിർമിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home