"പുസ്തകക്കൂടി'ലും ലോകകപ്പ് ആരവം

‘പുസ്‌തകക്കൂട്’ വായനശാല ഒരുക്കിയ ബിഗ് സ്ക്രീൻ പ്രദർശനം കാണാനെത്തിയവർ
സ്വന്തം ലേഖകൻ ബാലുശേരി മൈതാനങ്ങളെ തീപിടിപ്പിച്ച് ഇതിഹാസങ്ങൾ തുകൽപ്പന്തിനാൽ കവിത രചിക്കുമ്പോൾ തൃക്കുറ്റിശേരിയെന്ന നാടും അതിനൊപ്പം ചുവടുവയ്ക്കുകയാണ്. ഫുട്‌ബോൾ ലോകകപ്പിൽ ഇനി നാലുമത്സരങ്ങൾ മാത്രം. കളിക്കളങ്ങളെ ലഹരിയായി കാണുന്ന ഫുട്‌ബോൾ പ്രേമികൾക്കായി ‘പുസ്‌തകക്കൂട്’ വായനശാല ഒരുക്കിയ ബിഗ് സ്ക്രീൻ പ്രദർശനത്തിന് തിരക്കേറുകയാണ്. അഞ്ഞൂറോളം പേർക്ക് ഒരുമിച്ചിരുന്നു കാണാവുന്ന രീതിയിലാണ് പ്രദർശനമൊരുക്കിയത്. ഒരുമാസമായി ഉറക്കമൊഴിച്ചും അതിരാവിലെ ഉണർന്നും ഈ ഗ്രാമം ആ പന്തിന് പിറകെയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുമിച്ചിരുന്നാണ് ലോകകപ്പാരവം തീർക്കുന്നത്. വിവിധ രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞ് കുട്ടികളെത്തുന്പോൾ മുതിർന്നവർക്ക് ബാല്യകാലങ്ങളിലേക്കുള്ള തിരിച്ചുപോക്കാണിത്. നാട്ടിൽ വൈദ്യുതിയെത്തിയശേഷം നടന്ന ആദ്യലോകകപ്പ് 1990ലായിരുന്നു. അന്നുമുതൽ ലോകകപ്പുകൾ ഇൗ നാട്ടുകാർ ആസ്വദിക്കുകയായിരുന്നു. ജയവും പരാജയവും മുൻ നിർത്തി ചർച്ചകളും സജീവ മാണ്. ഈജിപ്തിന്റെ തോൽവിയും അർജന്റീനയുടെ വിജയവും അംഗീകരിക്കാതെ ഫിഫയെ പഴിക്കുന്ന ആരാധകർ എതിരാളികൾക്കൊപ്പം ചേരുന്നതോടെ വാദപ്രതിവാദങ്ങളും മുറുകുകയാണ്. ഉദ്ഘാടന മത്സരം മുതൽ ആവേശം ഒട്ടും ചോരാതെ കളി തത്സമയം ആരാധകരിലേക്ക് എത്തിക്കുകയാണ് സംഘാടകർ. അർജന്റീനയുടെയും ബ്രസീലിന്റെയും വലിയ ബോർഡുകൾക്കൊപ്പം വിവിധ രാജ്യങ്ങളുടെ കൊടികളും ബാനറുകളുയർത്തിയുമാണ് ഈ ഗ്രാമം ലോകകപ്പിനെ വരവേറ്റത്. ഷൂട്ടൗട്ട്, ലോകകപ്പ് ക്വിസ് എന്നിവയും ഇതിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും വായനശാലയുടെ നേതൃത്വത്തിൽ പാലോളി മുക്കിൽ ബിഗ് സ്ക്രീൻ പ്രദർശനമൊരുക്കിയിരുന്നു.











0 comments