മഞ്ഞുമ്മൽ മുട്ടാർ റോഡ് വികസനം
പദ്ധതി തകർക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു

കളമശേരി
അലൈൻമെന്റ് മാറ്റി മഞ്ഞുമ്മൽ മുട്ടാർ റോഡ് വികസനപദ്ധതി അട്ടിമറിക്കാൻ കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലുള്ള ഗൂഢനീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. റോഡ് നിർമാണത്തിന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ മറവിലാണ് ചിലരുടെ താൽപര്യം സംരക്ഷിക്കാനായി അലൈൻമെന്റ് മാറ്റാൻ നീക്കം നടത്തിയത്.
നഗരസഭാ ഭരണകക്ഷിയെയോ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉൾപ്പടുന്ന മസ്ലിംലീഗിനേയൊ മറ്റ് രാഷ്ട്രീയപാർടികളെയൊ അറിയിക്കാതെ കോൺഗ്രസ് പ്രവർത്തകർ വിളിച്ച ആക്ഷൻ കമ്മിറ്റി രൂപീകരണയോഗം ബഹളത്തിൽ കലാശിച്ചു.
മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് റോഡ് വികസനം അടഞ്ഞ അധ്യായമായിരുന്നു. പി രാജീവ് മന്ത്രിയായിരിക്കെ റോഡ് വികസനത്തിന് ജനകീയമായി പദ്ധതി ആവിഷ്കരിച്ചു. അലൈൻമെന്റ് അംഗീകരിച്ച് ഭരണാനുമതി നേടുകയും ടെൻഡർ വിളിച്ച് കുറ്റിയിടൽ പൂർത്തിയാക്കിയതുമാണ്. അഞ്ചുകോടി രൂപ അനുവദിച്ച് സ്ഥലമെടുക്കൽ ഘട്ടത്തിലാണ് പദ്ധതി.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ കൂടിയായ പ്രതിപക്ഷ കൗൺസിലറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ യോഗം വിളിച്ച രീതിയിൽ ശക്തമായ എതിർപ്പുണ്ടായി. കോൺഗ്രസ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള കമ്മിറ്റി അഗീകരിക്കില്ലെന്ന് യോഗത്തിലെത്തിയവർ പറഞ്ഞു. തുടർന്ന് ബഹളമായി.
ഇതോടെ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ രക്ഷാധികാരിയും വൈസ് ചെയർപേഴ്സൺ ലീല ബാബു ചെയർപേഴ്സണും പി ഡി ജോൺസൺ കൺവീനറുമായി പുതിയ കമ്മിറ്റി രൂപീകരിച്ചു.
യോഗം ചേർന്ന് റോഡ് വികസനം അട്ടിമറിക്കാനാകില്ലെന്ന നിലപാടെടുത്തു. റോഡിന്റെ അലൈൻമെന്റ് മാറ്റാനാകില്ലെന്നും 15 മീറ്റർ വീതി എന്നതിൽ വിട്ടുവീഴ്ചയില്ലെന്നും റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിലപാടുമെടുത്തു.











0 comments