ad
Deshabhimani

print edition സഞ്‌ജു 
സ്‌പെഷ്യൽ 
സാംസൺ

Sanju Samson special

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ വിജയറൺ കുറിച്ചശേഷം സഞ്ജു സാംസൺ

വെബ് ഡെസ്ക്

Published on Mar 03, 2026, 01:30 AM | 2 min read

കൊൽക്കത്ത

2015 ജൂലൈയിലാണ്‌ സഞ്‌ജു സാംസൺ ആദ്യമായി ഇന്ത്യൻ കുപ്പായമിടുന്നത്‌. ട്വന്റി20 ക്രിക്കറ്റിലൂടെ രാജ്യാന്തര വേദിയിൽ അരങ്ങേറ്റം. സിംബാബ്‌വെയുമായുളള ആ കളിയിൽ 24 പന്തിൽ 19 റണ്ണെടുത്ത്‌ ഇരുപതുകാരൻ മടങ്ങി. തുടർന്ന്‌ അവസരങ്ങൾ വന്നും പോയിയുമിരുന്നു. ഇതിനിടെ ട്വന്റി20യിൽ 60 മത്സരങ്ങൾ പൂർത്തിയാക്കി. 16 ഏകദിനങ്ങളും. എന്നിട്ടും എവിടെയും അടയാളപ്പെടുത്താതെപോയ കളി ജീവിതമായിരുന്നു സഞ്‌ജുവിന്റേത്‌. ട്വന്റി20യിൽ ഇന്ത്യക്കായി മൂന്ന്‌ സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും ഒരു സഞ്‌ജു സ്‌പെഷ്യൽ വന്നതേയില്ല. കൊൽക്കത്ത ഇ‍ൗഡൻ ഗാർഡനിലെ രാത്രിയിൽ സഞ്‌ജു സുവർണ നക്ഷത്രമായി തെളിഞ്ഞു.


ലോകകപ്പ്‌ ക്വാർട്ടർ ഫൈനൽ എന്ന വിശേഷിക്കപ്പെട്ട വെസ്‌റ്റിൻഡീസുമായുള്ള കളിയിൽ 50 പന്തിൽ 97 റണ്ണുമായി വിജയശിൽപ്പിയായി മാറുന്പോൾ അതുവരെയുള്ള എല്ലാ നിരാശകളുമാണ്‌ മാഞ്ഞുപോയത്‌. ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി അത്‌ മാറി. ഓപ്പണറായി എത്തി വിജയറൺ കുറിച്ചു. അതും ലോകകപ്പിന്റെ നിർണായക മത്സരത്തിൽ.


സഞ്‌ജു സാംസൺ: വിക്കറ്റ്‌ കീപ്പർ, ഓപ്പണർ, മാച്ച്‌ വിന്നർ. ഇതായിരുന്നു ലോകകപ്പിനുള്ള ടീമിലെടുക്കുന്പോൾ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. മറ്റൊരു പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ, ന്യൂസിലൻഡുമായുള്ള അഞ്ച്‌ മത്സര പരന്പര മുപ്പത്തൊന്നുകാരനെ തളർത്തിക്കളഞ്ഞു. പേസർമാർക്കെതിരെ ക്രീസിൽവച്ച്‌ നടത്തുന്ന ധൃതിവച്ചുള്ള നീക്കങ്ങൾ, മോശം ഷോട്ടുകൾ‍, ആത്മവിശ്വാസക്കുറവ്‌ ഇതെല്ലാം ചേർന്നതായിരുന്നു കിവീസിനെതിരെ കളിച്ച സഞ്‌ജു. തിരുവനന്തപുരത്ത്‌, സ്വന്തം കാണികൾക്ക്‌ മുന്നിൽ ആദ്യമായി കളത്തിലിറങ്ങിയ നിമിഷത്തിൽപോലും ആ ബാറ്റ്‌ തെളിഞ്ഞില്ല.


ടീം മാനേജ്‌മെന്റ്‌ പദ്ധതി മാറ്റി. വിക്കറ്റ്‌ കീപ്പറുടെ കൈയുറ ഇഷാൻ കിഷന്‌ നൽകി. പ്രതീക്ഷയുടെ ആകാശത്തിൽനിന്നായിരുന്നു സഞ്‌ജുവിന്റെ പതനം. ഇനിയൊരു തിരിച്ചുവരവ്‌ ഉണ്ടാകില്ലെന്ന്‌ വിലയിരുത്തപ്പെട്ടു. ബാറ്റിങ്ങിന്റെ അടിസ്ഥാന പാഠം പോലുമില്ലെന്ന വിമർശമുയർന്നു.


ആദ്യ കളിയിൽ പകരക്കാരുടെ നിരയിൽ. അഭിഷേക്‌ ശർമയുടെ അഭാവത്തിൽ നമീബിയക്കെതിരെ കളിച്ചു. വേഗം മടങ്ങിയെങ്കിലും ആത്മവിശ്വാസത്തിന്റെ കണിക ആ ഇന്നിങ്‌സിൽ കണ്ടു. പാകിസ്ഥാനെതിരെ വീണ്ടും ബഞ്ചിൽ. നെതർലൻഡ്‌സുമായും കളിച്ചില്ല.


സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്‌ജു ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. തലേദിനം നെറ്റ്‌സിൽ ഏറെ നേരം ബാറ്റ്‌ ചെയ്‌തു. പക്ഷേ, ബ‍ൗളർമാർക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണ്‌ സഞ്‌ജുവിന്റെ ബാറ്റിങ്‌ എന്നായിരുന്നു ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന്റെ പ്രതികരണം. സഞ്‌ജുവിനെ കളിപ്പിക്കാൻ മറ്റാരെയും മാറ്റാനാകില്ലെന്നും ക്യാപ്‌റ്റൻ വ്യക്തമാക്കി.


ദക്ഷിണാഫ്ര-ിക്കയോടുള്ള കൂറ്റൻ തോൽവി സൂര്യകുമാറിന്റെയും കോച്ച്‌ ഗ‍ൗതം ഗംഭീറിന്റെയും കണ്ണുതുറപ്പിച്ചു. പാക്‌ ക്യാപ്‌റ്റൻ സൽമാൻ ആഗ പുറത്തെടുത്ത പവർപ്ലേ തന്ത്രം മറ്റ്‌ ടീമുകളും ആവർത്തിച്ചതോടെ ഇന്ത്യ സമ്മർദത്തിലായി. പവർപ്ലേയിൽ എത്തുന്ന ഓഫ്‌ സ്‌പിന്നർമാർ ഇന്ത്യയുടെ ഇടംകൈ ഓപ്പണർമാരെ കശക്കി. ഓപ്പണായി വലംകൈയനെ കൊണ്ടുവരാൻ ഇന്ത്യ നിർബന്ധിതരായി.


ഒരിക്കൽക്കൂടി സഞ്‌ജുവിന്‌ അവസരം. ഇക്കുറി സിംബാബ്‌വെയോട്‌. 13 പന്തിൽ 24. പക്ഷേ, ആയുസില്ലാത്ത ഇന്നിങ്‌സായി ഇതും. വിൻഡീസിനെതിരെ ഇറങ്ങുന്നത്‌ മറ്റൊരു സഞ്‌ജുവായിരുന്നു. പിച്ചിൽ അനാവശ്യ തിടുക്കമില്ല. അഭിഷേകും (10) ഇഷാൻ കിഷനും (10) ക്യാപ്‌റ്റൻ സൂര്യകുമാറും (18) ഓൾ റ‍ൗണ്ടർ ഹാർദിക്‌ പാണ്ഡ്യയും (17) തുടങ്ങിയ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളെല്ലാം കൂടുവിട്ടപ്പോഴും പ്രതീക്ഷയുടെ ഒരു കണിക പോലും നഷ്ടപ്പെടാതെ സഞ്‌ജു ആ ഇന്നിങ്‌സ്‌ മുന്നോട്ടുനയിക്കുകയായിരുന്നു. മനോഹരമായ പല ഷോട്ടുകളും കണ്ടു.


അവസാനം ആറ്‌ പന്തിൽ ഏഴ്‌ റൺ വേണ്ടിയിരിക്കെ റൊമാരിയോ ഷെപേർട്ടിനെ സ്‌ക്വയർ ലെഗിലേക്ക്‌ പറത്തിയാണ്‌ സഞ്‌ജു തന്റെ മിടുക്കിന്‌ അടിവരയിടുന്നത്‌. അടുത്ത പന്ത്‌ ഫോറിലേക്ക്‌ പറന്നതോടെ സഞ്‌ജു ആ ശാന്തമായ ഇന്നിങ്‌സ്‌ അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home