നിറഞ്ഞുകവിഞ്ഞ് ഗ്രീൻഫീൽഡ് സ്‌റ്റേഡിയം , സഞ്‌ജുവിനായി ഇരമ്പിയാർത്ത് ആരാധകർ
print edition റണ്ണൊഴുകിയിട്ടും നിരാശ

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികളുടെ ആവേശം
തിരുവനന്തപുരം
നിറഞ്ഞൊഴുകിയ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തെ ത്രസിപ്പിച്ച് ഇന്ത്യ റണ്ണൊഴുക്കി. ഫോറും സിക്‌സറും തലങ്ങും വിലങ്ങും പറന്നപ്പോൾ ജനക്കൂട്ടം ഇരമ്പിയാർത്തു. സഞ്‌ജു സാംസൺ സ്വന്തം തട്ടകത്തിൽ ആദ്യമായി കളിക്കുന്ന ആവേശത്തിലായിരുന്നു ആരാധകർ. അതിനാൽ ആ പേര് മുഴങ്ങിയപ്പോഴെല്ലാം ജനക്കൂട്ടം ആർത്തുവിളിച്ചു. കളത്തിൽ കണ്ടപ്പോഴെല്ലാം സന്തോഷത്തോടെ വരവേറ്റു.
ആരാധകർ ഉച്ചമുതൽ സ്‌റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. വൈകിട്ട് അഞ്ചരയോടെ ടീമുകൾ മൈതാനത്തെത്തി. അപ്പോഴേക്കും ഗാലറി നീലക്കടലായി. ടോസിനുശേഷം ക്യാപ്‌റ്റൻ സൂര്യകുമാർ സഞ്ജു കളിക്കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത് കയ്യടി ഉയർത്തി. ഇന്ത്യ ബാറ്റിങ് തുടങ്ങിയതോടെ മേളം കൊഴുത്തു. നേരിട്ട രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ട് സഞ്ജു ഇന്നിങ്സിന് തുടക്കമിട്ടതോടെ സ്‌റ്റേഡിയം ആഘോഷത്തില്‍ ആറാടി. എന്നാലതിന് അധികം ആയുസുണ്ടായില്ല. സഞ്ജു പുറത്തായതോടെ ഗാലറി നിശബ്ദമായി. ഇഷാൻ കിഷനും സൂര്യകുമാർ യാദവും വെടിക്കെട്ട് തുടങ്ങിയതോടെ നിരാശമാറ്റി സ്‌റ്റേഡിയം ആരവത്തിൽ അലിഞ്ഞു.
ഏറെക്കാലത്തിന് ശേഷമാണ് ഗ്രീൻഫീൽഡ് നിറഞ്ഞു കവിഞ്ഞത്. ഓൺലൈൻ വിൽപ്പനയിൽ 33, 000 ടിക്കറ്റുകൾ 28 മണിക്കൂറിൽ വിറ്റുതീർന്നിരുന്നു.










0 comments