സഞ്‌ജുബലം ; കേരള ക്രിക്കറ്റ് ലീഗ് ആവേശപ്പോരിൽ തൃശൂർ കൊച്ചിയെ വീഴ്ത്തി

തൃശൂർ ടെെറ്റൻസിനെതിരെ കൊച്ചി ബ്ലൂ ടെെഗേഴ്സിനായി സഞ്ജു സാംസണിന്റെ ബാറ്റിങ്

Sports Desk
Published on Aug 27, 2025, 03:28 AM | 2 min read
തിരുവനന്തപുരം
ഓപ്പണറായി സഞ്‌ജു സാംസൺ അടിച്ചുതകർക്കുന്നു. ഏഷ്യാ കപ്പ് പടിവാതിൽക്കൽ നിൽക്കെ കേരള ക്രിക്കറ്റ് ലീഗിൽ ഒന്നാമനായി ഇറങ്ങിയുള്ള വെടിക്കെട്ട് ബാറ്റിങ് ഇന്ത്യൻ ടീം മാനേജ്‌മെന്റിന് അവഗണിക്കാൻ പറ്റില്ല. ടീമിലുണ്ടെങ്കിലും ഇന്ത്യയുടെ അവസാന ഇലവനിൽ മലയാളി ബാറ്റർ സ്ഥാനം പിടിക്കുമോയെന്ന ആശങ്കക്കിടെയാണ് മിന്നുന്ന പ്രകടനം.
തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി തകർപ്പൻ അർധസെഞ്ചുറി നേടി. 46 പന്തിൽ 89 റൺ. ഒമ്പത് സിക്‌സറും നാല് ഫോറും. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരം തൃശൂർ ടൈറ്റൻസ് അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും സഞ്‌ജുവിന്റെ ബാറ്റ് വീണ്ടും ചർച്ചയായി.
ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ രണ്ട് ദിവസംമുമ്പ് മുപ്പതുകാരൻ സെഞ്ചുറി നേടിയിരുന്നു. 51 പന്തിൽ 121 റണ്ണടിച്ചുകൂട്ടി. 16 പന്തിൽ അർധസെഞ്ചുറിയും 42 പന്തിൽ സെഞ്ചുറിയും. കെസിഎല്ലിലെ വേഗമേറിയ അർധസെഞ്ചുറിയാണ്. ഏഴ് സിക്‌സറും 14 ഫോറും പിറന്നു.
ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ ആറാമനായി ഇറങ്ങിയ സഞ്‌ജു 22 പന്തിൽ 13 റണ്ണാണ് എടുത്തിരുന്നത്. അതിനുശേഷമുള്ള രണ്ട് കളിയിലാണ് വീണ്ടും ഓപ്പണറായുള്ള ചുവടുമാറ്റം.
ലീഗിൽ കൊച്ചിയുടെ ആദ്യ പരാജയമാണ്. ക്യാപ്‌റ്റൻ സിജോമോൻ ജോസഫാണ് അവസാന പന്തിൽ ഫോറടിച്ച് തൃശൂരിന് വിജയമൊരുക്കിയത്. 23 പന്തിൽ 42 റണ്ണടിച്ച സിജോയ്‌ക്ക് കൂട്ടായി എ കെ അർജുൻ ഉണ്ടായിരുന്നു. 16 പന്തിൽ മൂന്ന് സിക്‌സറടക്കം 31 റണ്ണടിച്ചാണ് വിക്കറ്റ് കീപ്പർ പിന്തുണച്ചത്. ആറാം വിക്കറ്റിൽ ഇൗ കൂട്ടുകെട്ട് പുറത്താകാതെ നേടിയ 72 റണ്ണാണ് വിജയം സമ്മാനിച്ചത്. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റെടുത്ത തൃശൂരിന്റെ സ്‌പിൻ ബൗളർ എ കെ അജിനാസാണ് കളിയിലെ താരം.
സ്‌കോർ: കൊച്ചി 188/7, തൃശൂർ 189/5
കെ ജി അഖിൽ എറിഞ്ഞ അവസാന ഓവറിൽ തൃശൂരിന് ജയിക്കാൻ 15 റൺ വേണ്ടിയിരുന്നു. ക്രീസിലുണ്ടായിരുന്ന സിജോമോനും അർജുനും ആദ്യ മൂന്ന് പന്തിൽ ഓരോ റൺ നേടി. ജയിക്കാൻ മൂന്ന് പന്തിൽ 12 റൺ. നാലാം പന്തിൽ സിക്‌സറടിച്ച് സിജോ കളിയുടെ ഗതിമാറ്റി. അഞ്ചാം പന്തിൽ രണ്ട് റൺ. അവസാന പന്തിൽ ഫോർ നേടി ക്യാപ്‌റ്റൻ ലക്ഷ്യംകണ്ടു. പന്ത് ഫീൽഡർ തടുത്തിട്ടെങ്കിലൂം അതിർത്തിവരക്കുള്ളിൽനിന്നാണെന്ന് വീഡിയോ പരിശോധനയിൽ തെളിഞ്ഞു.
കൊച്ചിയുടെ സഞ്‌ജു, പി എസ് ഷെറിൻ, മുഹമ്മദ് ആഷിഖ് എന്നിവരെ പുറത്താക്കിയാണ് അജിനാസ് ഹാട്രിക് തികച്ചത്. നാല് ഓവറിൽ 30 റൺ വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം.
പോയിന്റ് പട്ടിക ; (ടീം, കളി, ജയം, തോൽവി, പോയിന്റ്)
കൊച്ചി 4 3 1 6
തൃശൂർ 4 3 1 6
കൊല്ലം 4 2 2 4
കലിക്കറ്റ് 4 2 2 4
ട്രിവാൻഡ്രം 4 1 3 2
ആലപ്പി 4 1 3 2









0 comments