ഐപിഎൽ ക്രിക്കറ്റ് ; സഞ്ജുവിനായി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ
മലയാളി വിക്കറ്റ് കീപ്പർ ബാറ്ററും രാജസ്ഥാൻ റോയൽസ് ക്യാപ്‌റ്റനുമായ സഞ്‌ജു സാംസണെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിങ്‌സ്. കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിൽ സഞ്ജു ചെന്നൈയിലേക്ക് മാറുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. ഐപിഎൽ ലേലത്തിന് മുന്നോടിയായി നടക്കുന്ന താരകൈമാറ്റ വിപണിയിലൂടെ ഇന്ത്യൻ ഓപ്പണറെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ചെന്നൈ മാനേജ്‌മെന്റുമായുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി.
‘തീർച്ചയായും സഞ്‌ജുവിനായി ശ്രമിക്കും. വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. ടീമിന് അത്തരമൊരാളെ അടുത്ത സീസണിലേക്ക് ആവശ്യമാണ്. വിപണിയിൽ അദ്ദേഹമുണ്ടെങ്കിൽ മുൻഗണന നൽകും. പ്രാരംഭ ചർച്ചകൾ നടക്കുന്നതേയുള്ളു–-ചെന്നൈ ടീമിന്റെ വക്താവ് ഓൺലൈൻ വാർത്താ വെബ്‌സൈറ്റിനോട് വെളിപ്പെടുത്തി.
ഡിസംബറിലാകും അടുത്ത സീസണിലേക്കുള്ള താരലേലം. ലേലത്തിന്റെ ഒരുമാസംമുമ്പാണ് താരകൈമാറ്റ വിപണി തുറക്കുക. മുപ്പത് ദിവസത്തിനുള്ളിൽ ടീമുകൾക്ക് കളിക്കാരെ പരസ്‌പരം കൈമാറുകയും വാങ്ങുകയും ചെയ്യാം. ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ഈ രീതിയിലാണ് സ്വന്തമാക്കിയത്.
ചെന്നൈമാത്രമല്ല മറ്റ് ടീമുകളും സഞ്ജുവിനായി രംഗത്തുണ്ടെന്നാണ് സൂചനകൾ. ഐപിഎല്ലിൽ 2013ൽ രാജസ്ഥാനിലൂടെ അരങ്ങേറിയ മലയാളി താരം ടീമിന് വിലക്ക് കിട്ടിയ രണ്ട് സീസണുകളിൽ ഡൽഹി ഡെയർഡെവിൾസിനായും കളിച്ചു. 2018ൽ തിരിച്ചെത്തി. 2021മുതൽ ക്യാപ്‌റ്റനുമാണ്.









0 comments