പവർ സഞ്ജു ത്രില്ലർ ; കൊച്ചിക്ക് മൂന്നാം ജയം ,കൊല്ലത്തെ നാല് വിക്കറ്റിന് തോൽപ്പിച്ചു


Sports Desk
Published on Aug 25, 2025, 01:15 AM | 2 min read
തിരുവനന്തപുരം
സഞ്‌ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചുറി (51 പന്തിൽ 121) അടിത്തറയിട്ട ത്രില്ലറിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാല് വിക്കറ്റ് ജയം. ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ അവസാന പന്തിൽ സിക്‌സറടിച്ച് മുഹമ്മദ് ആഷിഖാണ് ജയമൊരുക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചിയുടെ തുടർച്ചയായ മൂന്നാംജയമാണ്. ആഷിഖ് 18 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുമടക്കം 45 റണ്ണടിച്ചു.
സ്‌കോർ: കൊല്ലം 236/5, കൊച്ചി 237/6.
ഏഷ്യാകപ്പിന് ഒരുങ്ങുന്ന സഞ്‌ജു ഓപ്പണറായി ഇറങ്ങിയാണ് തകർപ്പൻ സെഞ്ചുറി നേടിയത്. 14 ഫോറും ഏഴ് സിക്‌സറും പറത്തി കളിയിലെ താരമായി. പത്തൊമ്പതാം ഓവറിൽ വിജയത്തിന് 31 റൺ അകലെ അജയ്‌ഘോഷിന്റെ പന്തിൽ ബൗൾഡായി. ഓപ്പണറായുള്ള മികവ് വീണ്ടും സെലക്‌ടർമാരെ ഓർമിപ്പിക്കുന്ന ബാറ്റിങ്ങാണ് പതിനൊന്നായിരം കാണികൾ തടിച്ചുകൂടിയ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ കാഴ്‌ചവച്ചത്. ഇരുടീമുകളും ചേർന്ന് 473 റണ്ണടിച്ചു.
ഷറഫുദ്ദീൻ എറിഞ്ഞ അവസാന ഓവറിൽ കൊച്ചിക്ക് ജയിക്കാൻ അഞ്ച് വിക്കറ്റ് ശേഷിക്കെ 17 റൺ വേണ്ടിയിരുന്നു. ആദ്യ പന്തിൽ ഫോറും രണ്ടാം പന്തിൽ സിക്‌സറുമടിച്ച് ആഷിഖ് കളി ഉഷാറാക്കി. മൂന്നാം പന്തിൽ ഒറ്റ റൺ. നാലാം പന്തിൽ ആൽഫി ഫ്രാൻസിസ് ജോൺ(7) റണ്ണൗട്ടായതോടെ കൊച്ചി അപകടം മണത്തു. അഞ്ചാം പന്തിൽ റണ്ണെടുക്കാൻ പറ്റാതായതോടെ കൊല്ലത്തിന് പ്രതീക്ഷയായി. എന്നാൽ അവസാന പന്ത് ഉയർത്തിയടിച്ച് ആഷിഖ് അവിശ്വസനീയ ജയം സമ്മാനിച്ചു.
വിനു മനോഹരൻ(11), മുഹമ്മദ് ഷാനു(39), ക്യാപ്‌റ്റൻ സാലി സാംസൺ (5), ടി നിഖിൽ(1) എന്നിവർ പുറത്തായി.ആദ്യം ബാറ്റ് ചെയ്‌ത കൊല്ലത്തിനായി ഓപ്പണർ വിഷ്‌ണു വിനോദും(41 പന്തിൽ 94) ക്യാപ്‌റ്റൻ സച്ചിൻ ബേബിയും(44 പന്തിൽ 91) തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ 143 റണ്ണടിച്ചു. അഭിഷേക് നായർ(8), രാഹുൽ ശർമ(0), എം എസ് അഖിൽ(11) എന്നിവർ തിളങ്ങിയില്ല.
ആദ്യ ജയവുമായി കലിക്കറ്റ്
ആദ്യ ജയവുമായി കഴിഞ്ഞവർഷത്തെ റണ്ണറപ്പായ കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാര്‍സ് കേരള ക്രിക്കറ്റ് ലീഗിൽ തിരിച്ചെത്തി. ട്രിവാൻഡ്രം റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്തു. അഖിൽ സ്‌കറിയയുടെ ഓൾറൗണ്ട് മികവാണ് തുണയായത്. 32 പന്തിൽ 68 റണ്ണുമായി പുറത്താകാതെനിന്ന അഖിൽ മൂന്ന് വിക്കറ്റുമെടുത്തു. ആറ് സിക്‌സറും മൂന്ന് ഫോറും പറത്തിയാണ് വിജയമൊരുക്കിയത്. സൽമാൻ നിസാർ 51 റണ്ണുമായി ഒപ്പമുണ്ടായി.
ആദ്യം ബാറ്റെടുത്ത ട്രിവാൻഡ്രത്തിനായി ക്യാപ്‌റ്റൻ 78 റണ്ണെടുത്തു. അബ്‌ദുൽ ബാസിതും (24) എസ് സുബിനും (23) പിന്തുണച്ചു. റിയാ ബഷീറും (13) ഗോവിന്ദ ദേവ് പൈയും (4) തിളങ്ങിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കലിക്കറ്റിന്റെ തുടക്കം നന്നായില്ല. സുരേഷ് സച്ചിൻ (28), ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മൽ (12), എം അജിനാസ് (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. നാലാം വിക്കറ്റിൽ അഖിലും സൽമാനും ചേർന്ന് പുറത്താകാതെ 106 റണ്ണെടുത്തു.









0 comments