ad
Deshabhimani

ശ്രീലങ്കൻ ക്രിക്കറ്റിലെ കൺസൾട്ടന്റ് പദവി സനത് ജയസൂര്യ രാജിവെച്ചു; കാരണം വ്യക്തമാക്കി താരം

SANATH JAYASURIYA

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 23, 2026, 12:34 PM | 2 min read

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ മുഖ്യപരിശീലകൻ സനത് ജയസൂര്യ, ശ്രീലങ്ക ക്രിക്കറ്റിന്റെ ഹൈ പെർഫോമൻസ് സെന്ററിന്റെ കൺസൾട്ടന്റ് സ്ഥാനത്തുനിന്ന് രാജിസമർപ്പിച്ചു. ഈ മേയ് മാസം അവസാനത്തോടെ രാജി പൂർണ്ണമായും പ്രാബല്യത്തിൽ വരും.


ഹൈ പെർഫോമൻസ് സെന്ററിലെ പദവിക്ക് പുറമെ ജയസൂര്യ മാത്തറ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം കൂടി വഹിക്കുന്നത് 'താൽപ്പര്യ വൈരുദ്ധ്യത്തിന്റെ' പരിധിയിൽ വരുമെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജി.


ട്രാൻസ്ഫോർമേഷൻ കമ്മിറ്റിക്ക് രാജി കൈമാറി


കഴിഞ്ഞ മാസം ശ്രീലങ്കൻ സർക്കാർ, പ്രസിഡന്റ് ഷമ്മി സിൽവയുടെ നേതൃത്വത്തിലുള്ള എസ്എൽസിയുടെ എക്സിക്യൂട്ടീവ് ബോഡിയെ രാജിവെപ്പിക്കുകയും ക്രിക്കറ്റ് ബോർഡിന്റെ ഘടനാപരമായ മാറ്റങ്ങൾക്കായി ഒൻപതംഗ 'ട്രാൻസ്ഫോർമേഷൻ കമ്മിറ്റി'യെ നിയമിക്കുകയും ചെയ്തിരുന്നു.


മുൻ താരം സിദത് വെട്ടിമുനിക്ക് പുറമെ ജയസൂര്യയുടെ സഹതാരങ്ങളായിരുന്ന കുമാർ സംഗക്കാര, റോഷൻ മഹാനാമ എന്നിവരും ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. കായിക മന്ത്രി സുനിൽ കുമാർ ഗാമഗെ നിർദ്ദേശിച്ച പ്രതിപക്ഷ രാഷ്ട്രീയ നേതാവ് ഇറാൻ വിക്രമരത്നയാണ് കമ്മിറ്റിയുടെ ചെയർമാൻ.


ഈ കമ്മിറ്റിയാണ് ജയസൂര്യയുടെ ഇരട്ടപ്പദവിയിലെ താൽപ്പര്യ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തത്. തുടർന്ന് മാത്തറയിലെ ക്രിക്കറ്റ് വികസനത്തിനായി പ്രവർത്തിക്കാൻ ജയസൂര്യ തന്റെ കൺസൾട്ടന്റ് പദവി ഒഴിഞ്ഞുകൊണ്ട് രാജി സമർപ്പിക്കുകയായിരുന്നു.


"ആവശ്യപ്പെട്ടത് കൊണ്ട് മാത്രം ഏറ്റെടുത്ത ചുമതല" - ജയസൂര്യ


കമ്മിറ്റിക്ക് നൽകിയ കത്തിൽ, തനിക്കെതിരെയുള്ള താൽപ്പര്യ വൈരുദ്ധ്യത്തെക്കുറിച്ചും കമ്മിറ്റിയിലെ ചില അംഗങ്ങൾ ഉയർത്തിയ ആശങ്കകളെക്കുറിച്ചും താൻ ബോധവാനാണെന്ന് ജയസൂര്യ വ്യക്തമാക്കി. ഒരു ജോലിക്കായുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ ഘട്ടത്തിൽ സഹായിക്കണമെന്ന അഭ്യർത്ഥന മാനിച്ചാണ് താൻ ഈ ചുമതല ഏറ്റെടുത്തതെന്ന് അദ്ദേഹം കത്തിൽ കുറിച്ചു.


മാത്തറ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, ആ ജില്ലയിൽ നിന്ന് വളർന്നുവന്ന ഒരു കളിക്കാരൻ എന്ന നിലയിൽ മാത്തറയിലെ ക്രിക്കറ്റ് വികസനം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് ജയസൂര്യ ഊന്നിപ്പറഞ്ഞു.


മുൻ കളിക്കാരെ ഗ്രാസ്റൂട്ട് തലത്തിലുള്ള ക്രിക്കറ്റ് വികസനത്തിനായി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും വ്യക്തിപരമായി താൻ ഇതിൽ താൽപ്പര്യ വൈരുദ്ധ്യം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എങ്കിലും പുതിയ ഭരണകൂടത്തിന് ഈ രണ്ട് പദവികളും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന അഭിപ്രായമുള്ളതിനാൽ, ഔദ്യോഗിക പദവികളിൽ തുടരുന്നതിനേക്കാൾ മാത്തറയിലെ ക്രിക്കറ്റ് വികസനത്തിനായി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജയസൂര്യ വ്യക്തമാക്കി.


പുതിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്ക് താനൊരു തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീലങ്കൻ ക്രിക്കറ്റിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ ഈ ട്രാൻസ്ഫോർമേഷൻ കമ്മിറ്റിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായും മുൻ ലങ്കൻ ഓപ്പണർ പറഞ്ഞു.


ശ്രീലങ്കൻ ക്രിക്കറ്റിനും കളിക്കാർക്കുമുള്ള തന്റെ പിന്തുണ ഏതെങ്കിലും ഔദ്യോഗിക പദവികളെ ആശ്രയിച്ചല്ലെന്നും ഭരണസംവിധാനത്തിന് പുറത്തുനിന്നും താൻ എപ്പോഴും പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശ്രീലങ്കൻ ക്രിക്കറ്റിൽ ജയസൂര്യയുടെ മുൻകാല പദവികൾ


കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലുമുള്ള തിളക്കമാർന്ന കരിയറിന് പുറമെ ശ്രീലങ്കൻ ക്രിക്കറ്റിൽ വിവിധ പദവികൾ ജയസൂര്യ വഹിച്ചിട്ടുണ്ട്.


രണ്ട് തവണ അദ്ദേഹം ശ്രീലങ്കയുടെ ചീഫ് സെലക്ടറായി സേവനമനുഷ്ഠിച്ചു. 2013 മുതൽ 2015 വരെയുള്ള അദ്ദേഹത്തിന്റെ ആദ്യ കാലയളവിലാണ് ശ്രീലങ്ക ഏകദിന ഏഷ്യാ കപ്പും 2014-ലെ ട്വന്റി 20 ലോകകപ്പും നേടിയത്. ആ വർഷം ഇംഗ്ലണ്ടിൽ വെച്ച് നടന്ന എല്ലാ ഫോർമാറ്റുകളിലുമുള്ള പരമ്പരകളും ലങ്കൻ ടീം സ്വന്തമാക്കിയിരുന്നു.


2016 മുതൽ 2017 വരെയുള്ള രണ്ടാമത്തെ കരിയർ പക്ഷെ ടീമിന്റെ മോശം പ്രകടനങ്ങളാലും നിരവധി കളിക്കാരെ പരീക്ഷിച്ച് പരാജയപ്പെട്ടതിനാലും വിമർശിക്കപ്പെട്ടു.


2024 ജൂലൈയിൽ ശ്രീലങ്കൻ ടീമിന്റെ താൽക്കാലിക മുഖ്യപരിശീലകനായി നിയമിതനായ അദ്ദേഹത്തിന് ഒക്ടോബറിൽ പൂർണ്ണ ചുമതല നൽകി. എന്നാൽ ഈ വർഷം സ്വന്തം നാട്ടിൽ നടന്ന ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനൽ കാണാതെ ശ്രീലങ്ക പുറത്തായതോടെ, കഴിഞ്ഞ മാസം ജയസൂര്യയ്ക്ക് പകരം ഗാരി കേഴ്സ്റ്റനെ പുതിയ മുഖ്യപരിശീലകനായി നിയമിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home