6, 6, 6, 6, 6, 1, 6, വൈഡ്‌, നോബോൾ +2, 6, 6, 6, 6, 6

സിക്‌സർമാൻ ; സൽമാൻ നിസാർ, 
26 പന്തിൽ 86 റൺ

salman nisar Calicut Globe Stars
avatar
Sports Desk

Published on Aug 31, 2025, 04:03 AM | 1 min read


തിരുവനന്തപുരം

കേരള ക്രിക്കറ്റ്‌ ലീഗിൽ സിക്‌സറുകളുടെ പെരുമഴ. സൽമാൻ നിസാർ എന്ന കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാർസിന്റെ ഇടംകൈയൻ ബാറ്റർ കെഎസിഎല്ലിന്റെ ചരിത്രംതന്നെ മാറ്റിയെഴുതി. നേരിട്ട 26 പന്തിൽ അടിച്ചുകൂട്ടിയത്‌ 86 റൺ. 12 സിക്‌സറുകൾ. അതിൽ 11 എണ്ണം അവസാന രണ്ടോവറിൽ. ആറെണ്ണം അവസാന ഓവറിൽ. 330.77 ആയിരുന്നു പ്രഹരശേഷി. അവസാന രണ്ടോവറിൽ 71 റണ്ണാണ്‌ നേടിയത്‌. ഇരുപതാം ഓവറിൽ അടിച്ചെടുത്തത്‌ 40 റൺ.


കളിയിൽ ട്രിവാൻഡ്രം റോയൽസിനെ 13 റണ്ണിന്‌ കലിക്കറ്റ്‌ തോൽപ്പിച്ചു. കലിക്കറ്റ്‌ ആറിന്‌ 186 റണ്ണാണ്‌ നേടിയത്‌. ട്രിവാൻഡ്രം 19.3 ഓവറിൽ 173ന്‌ പുറത്തായി.ആദ്യം ബാറ്റ്‌ ചെയ്‌ത കലിക്കറ്റ്‌ പതിനെട്ടാം ഓവർ അവസാനിക്കുമ്പോൾ ആറിന്‌ 115 റണ്ണെന്ന നിലയിലായിരുന്നു സ്‌കോർ. സൽമാൻ 13 പന്തിൽ 17 റണ്ണുമായി ക്രീസിൽ.


19–ാം ഓവർ എറിയാനെത്തിയ ബേസിൽ തമ്പിയെ സിക്‌സർ പറത്തിയായിരുന്നു തുടക്കം. തുടർന്നുള്ള നാല്‌ പന്തുകളും അതിർത്തി കടന്നു. ആറാം പന്തിൽ സിംഗിൾ. അടുത്ത ഓവർ വി അഭിജിത്‌ പ്രവീൺ എറിയാനെത്തി. ആദ്യ പന്ത്‌ സിക്‌സർ. രണ്ടാം പന്ത്‌ വൈഡ്‌. അടുത്ത പന്ത്‌ നോബോൾ. രണ്ട്‌ റൺ ഓടിയെടുക്കുകയുംചെയ്‌തു. ഫ്രീഹിറ്റ്‌ ഉൾപ്പെടെ തുടർന്നുള്ള അഞ്ച്‌ പന്തും വേലി കടന്നു. ട്വന്റി20യിൽ തുടർച്ചയായ 12 പന്തിൽ 11ഉം സിക്സർ പറത്തിയ ലോകക്രിക്കറ്റിലെ ആദ്യ ബാറ്ററാണ് സൽമാൻ.


ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത കലിക്കറ്റിന്റെ തുടക്കം മോശമായിരുന്നു. ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മൽ ഒമ്പത്‌ പന്തിൽ 11 റണ്ണുമായി പുറത്തായപ്പോൾ 51 റണ്ണെടുത്ത എം അജിനാസാണ്‌ കരകയറ്റിയത്‌. 13.1 ഓവറിൽ നാലിന്‌ 76 എന്ന ഘട്ടത്തിലാണ്‌ സൽമാൻ ക്രീസിലെത്തുന്നത്‌. കലിക്കറ്റിനെ ചെറിയ സ്‌കോറിൽ ഒതുക്കാമെന്ന്‌ കരുതിയ ട്രിവാൻഡ്രത്തിന്‌ ഇരുപത്തേഴുകാരന്റെ വെടിക്കെട്ടിൽ മറുപടിയുണ്ടായില്ല.

ഇ‍ൗ സീസണിൽ ആറ്‌ കളിയിൽ 296 റണ്ണാണ്‌ നേടിയത്‌. കഴിഞ്ഞ സീസൺ രഞ്‌ജി ട്രോഫിയിൽ മിന്നുന്ന പ്രകടനമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home