എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; വിവാദ കമന്ററിയിൽ വിശദീകരണവുമായി ബദരീനാഥ്

Photo Credit: AP
മുംബൈ: ഐപിഎല്ലിൽ ഞായറാഴ്ച നടന്ന ആർസിബി - മുംബൈ മത്സരത്തിനിടെ ക്രുണാൽ പാണ്ഡ്യയുടെ പരിക്കുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ ഇന്ത്യൻ താരം എസ് ബദരീനാഥ് രംഗത്തെത്തി.
തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മുംബൈ വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടണിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ പുകഴ്ത്തുകയാണ് താൻ ചെയ്തതെന്നും ബദരീനാഥ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണവും ഉയർന്നതോടെയാണ് എക്സിലൂടെ ബദരീനാഥ് പ്രതികരിച്ചത്. "അവിടെക്കിടന്ന് മരിക്കട്ടെ എന്നത് ഒരിക്കലും എന്റെ നിലപാടല്ല.
അങ്ങനെ സംഭവിച്ചാൽ ഞാനോടിപ്പോയി അദ്ദേഹത്തെ സഹായിക്കുകയേയുള്ളൂ. മത്സരത്തിന്റെ ഏറ്റവും നിർണ്ണായക ഘട്ടമായിരുന്നിട്ടും എതിരാളിയെ സഹായിക്കാൻ കാണിച്ച റയാൻ റിക്കിൾട്ടണിന്റെ മനസ്സ് വലിയ കാര്യമാണ്.
അതിന് മുംബൈ ഇന്ത്യൻസിന് ഫെയർ പ്ലേ പോയിന്റുകൾ നൽകണമെന്നാണ് ഞാൻ പറഞ്ഞത്," ബദരീനാഥ് കുറിച്ചു. സംഭാഷണ ശൈലിയിലുള്ള തമിഴ് മനസ്സിലാകാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച റായ്പൂരിൽ നടന്ന മത്സരത്തിൽ ക്രുണാൽ പാണ്ഡ്യ പേശിവലിവ് മൂലം മൈതാനത്ത് വീണപ്പോൾ റയാൻ റിക്കിൾട്ടൺ അദ്ദേഹത്തെ സഹായിച്ചിരുന്നു.
ഈ സമയത്ത് തമിഴ് കമന്ററി ബോക്സിലുണ്ടായിരുന്ന ബദരീനാഥ്, റിക്കിൾട്ടൺ സഹായിക്കുന്നതിന് പകരം എതിരാളിയെ മരിക്കാൻ വിടണമായിരുന്നു എന്ന് തമാശയായി പറഞ്ഞുവെന്നായിരുന്നു ആരോപണം.
ഇതിന്റെ വീഡിയോ ക്ലിപ്പുകൾ വ്യാപകമായി പ്രചരിക്കുകയും ആർസിബി ആരാധകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് താരം വിശദീകരണവുമായി എത്തിയത്.









0 comments