ad
Deshabhimani

തകർച്ചയിൽ നിന്ന് കൂറ്റൻ സ്കോറിലേക്ക്; മുംബൈ ഇന്ത്യൻസിന് മുന്നിൽ 206 റൺസ് വിജയലക്ഷ്യം വെച്ച് രാജസ്ഥാൻ

RR VS MI

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 24, 2026, 05:44 PM | 1 min read

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. മധ്യനിര തകർന്ന മത്സരത്തിൽ വാലറ്റത്തിന്റെ തകർപ്പൻ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 205 റൺസ് അടിച്ചുകൂട്ടി. അവസാന ഓവറുകളിൽ മുംബൈ ബൗളർമാരെ കണക്കറ്റ് പ്രഹരിച്ചാണ് രാജസ്ഥാൻ റൺമല തീർത്തത്.


തുടക്കത്തിൽ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനെയും (27) വൈഭവ് സൂര്യവംശിയെയും (46) വേഗത്തിൽ നഷ്ടമായ രാജസ്ഥാന് ക്യാപ്റ്റൻ റിയാൻ പരാഗും (14) നിരാശപ്പെടുത്തിയതോടെ 54 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പ്രതിസന്ധിയിലായി.


എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ധ്രുവ് ജൂറലും (38) ദാസുൻ ഷനകയും (29) ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിക്കുകയും സ്കോർ 100 കടത്തുകയും ചെയ്തു. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നു.


ഒരു ഘട്ടത്തിൽ 139 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ പിന്നീട് മത്സരത്തിലേക്ക് കൈപിടിച്ചുയർത്തിയത് എട്ടാമനായി ഇറങ്ങിയ ജോഫ്ര ആർച്ചറുടെ വെടിക്കെട്ട് ബാറ്റിംഗാണ്. വെറും 15 പന്തിൽ 3 സിക്സറും ഒരു ഫോറുമടക്കം 32 റൺസാണ് ആർച്ചർ അടിച്ചുകൂട്ടിയത്.


ശുഭം ദുബെ 13 പന്തിൽ 16 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 11 പന്തിൽ പുറത്താകാതെ 19 റൺസും നന്ദ്രേ ബർഗർ 10 റൺസുമെടുത്ത് ടീം സ്കോർ 200 കടത്തി.


അവസാന 5 ഓവറിൽ മാത്രം 73 റൺസാണ് രാജസ്ഥാൻ ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയത്. മുംബൈ ഇന്ത്യൻസിന് വേണ്ടി ദീപക് ചഹാർ, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വിൽ ജാക്സ്, എഎം ഗസൻഫർ, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായാണ് മുംബൈ ഇന്ത്യൻസ് മറുപടി ബാറ്റിംഗിന് ഇറങ്ങുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home