സെഞ്ചുറിക്ക് നാല് റൺസ് അകലെ സൂര്യവംശി വീണു; ടൈറ്റൻസിനെതിരെ റൺമല തീർത്ത് രാജസ്ഥാൻ റോയൽസ്

Photo Credit: BCCI
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് രാജസ്ഥാൻ അടിച്ചുകൂട്ടിയത്.
തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ ഓപ്പണർ വൈഭവ് സൂര്യവംശിയുടെയും (96), പരിക്കിനെ അതിജീവിച്ച് പോരാടിയ രവീന്ദ്ര ജഡേജയുടെയും (45*), അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഡോണോവൻ ഫെരേരയുടെയും (38*) കരുത്തിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
മത്സരത്തിന്റെ തുടക്കം രാജസ്ഥാന് കനത്ത തിരിച്ചടിയോടെയായിരുന്നു. ഒന്നാം ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (1) മുഹമ്മദ് സിറാജ് പുറത്താക്കി. തൊട്ടുപിന്നാലെ രണ്ടാം ഓവറിൽ ധ്രുവ് ജുറെലിനെയും (7) കാഗിസോ റബാഡ മടക്കിയതോടെ രാജസ്ഥാൻ 2 വിക്കറ്റിന് 9 റൺസ് എന്ന നിലയിൽ കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വൈഭവ് സൂര്യവംശിയും രവീന്ദ്ര ജഡേജയും ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയും പവർപ്ലേ ഓവറുകളിൽ സ്കോർ അതിവേഗം ഉയർത്തുകയും ചെയ്തു.
ഗുജറാത്ത് ബൗളർമാരെ അടിച്ചൊതുക്കിയ സൂര്യവംശി 47 പന്തിൽ 8 ഫോറും 7 സിക്സറുകളും ഉൾപ്പെടെ 96 റൺസ് നേടി സെഞ്ചുറിക്ക് തൊട്ടരികിലാണ് പുറത്തായത്. മധ്യ ഓവറുകളിൽ നായകൻ റിയാൻ പരാഗ് (11), ദാസുൻ ശനക (3), ജോഫ്ര ആർച്ചർ (7) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ഒരറ്റത്ത് രവീന്ദ്ര ജഡേജ പക്വതയോടെ ബാറ്റിംഗ് തുടർന്നു. മത്സരത്തിനിടയിൽ പരിക്കേറ്റ് താൽക്കാലികമായി കളം വിട്ട (Retired Hurt) ജഡേജ, പിന്നീട് ആറാം വിക്കറ്റ് വീണതിന് ശേഷം ക്രീസിൽ തിരിച്ചെത്തി 35 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു.
അവസാന ഓവറുകളിൽ ജഡേജയ്ക്കൊപ്പം ചേർന്ന് തകർത്തടിച്ച ഡോണോവൻ ഫെരേര മത്സരത്തിന്റെ ഗതി പൂർണ്ണമായും രാജസ്ഥാന്റെ നിയന്ത്രണത്തിലാക്കി. വെറും 11 പന്തിൽ 3 സിക്സും ഒരു ഫോറുമടക്കം 38 റൺസാണ് ഫെരേര അടിച്ചുകൂട്ടിയത്.
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ജേസൺ ഹോൾഡർ, കാഗിസോ റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. റഷീദ് ഖാൻ എറിഞ്ഞ 2 ഓവറിൽ 45 റൺസാണ് രാജസ്ഥാൻ ബാറ്റർമാർ അടിച്ചെടുത്തത്. ഇതിനിടെ ഇംപാക്ട് പ്ലെയറായി മുഹമ്മദ് സിറാജിന് പകരം രാഹുൽ തെവാട്ടിയയെ ഗുജറാത്ത് കളത്തിലിറക്കിയിട്ടുണ്ട്.










0 comments