print edition ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം കിരീടമുയർത്തി;ബംഗളൂരു 2.0

ഐപിഎൽ ട്രോഫിയുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ ആഘോഷം
അഹമ്മദാബാദ്: ആധികാരിക പ്രകടനത്തോടെയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ക്രിക്കറ്റ് കിരീടം നിലനിർത്തിയത്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. എതിരാളിയുടെ തട്ടകത്തിൽ നേടിയ വിജയത്തിന് ഇരട്ടിമധുരമുണ്ട്.
താരലേലത്തിൽ ബുദ്ധിപൂർവമായ ഇടപെടലും ഓരോ കളിക്കുമുള്ള വ്യക്തമായ ആസൂത്രണവും വിജയത്തിൽ നിർണായകമായി. വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങ് മികവും ഭുവനേശ്വർ കുമാറിന്റെ കൃത്യതയാർന്ന പന്തുകളും പ്രധാനഘടകമാണ്.
ഇൗ സീസണിൽ ഫൈനൽ അടക്കം 16 കളിയിൽ 11 ജയമുണ്ട്. അഞ്ച് കളി തോറ്റു. 18 പോയിന്റോടെ ഒന്നാമതായാണ് പ്ലേഓഫിന് അർഹത നേടിയത്. ഫൈനലിലും ഒന്നാം ക്വാളിഫയറിലും ഗുജറാത്തിനെ കീഴടക്കി. കഴിഞ്ഞവർഷം ഫൈനലിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയാണ് കന്നിക്കിരീടം.
ബാറ്റിങ്ങിൽ വിരാട് കോഹ്‌ലി തന്നെ ആണിക്കല്ല്. റണ്ണടിയിൽ നാലാമനാണ്. 16 കളിയിൽ 675 റണ്ണുണ്ട്. ക്യാപ്‌റ്റൻ രജത് പടീദാർ 501 റണ്ണുമായി പിന്തുണച്ചു. ദേവ്‌ദത്ത് പടിക്കലും (464) ടിം ഡേവിഡും (305) ഒപ്പമുണ്ട്. പേസർ ഭുവനേശ്വർ കുമാറിന്റെ ബൗളിങ് കിരീടനേട്ടത്തിൽ പ്രധാനമാണ്. 36 വയസ്സുള്ള മുൻ ഇന്ത്യൻ ബൗളർമാരുടെ പന്തുകൾക്ക് ഇപ്പോഴും മൂർച്ചയുണ്ടെന്ന് തെളിക്കുന്നതായിരുന്നു പ്രകടനം.
16 കളിയിൽ 28 വിക്കറ്റുമായി രണ്ടാംസ്ഥാനത്തെത്തി. റാസിഖ് സലാം ദർ എന്ന 26 വയസ്സുള്ള വലംകൈയൻ പേസ് ബൗളറാണ് ഇൗ സീസണിലെ താരം. കഴിഞ്ഞ തവണ ഒറ്റ കളിയിലും അവസരം കിട്ടാതിരുന്ന റാസിഖ് ഇത്തവണ 19 വിക്കറ്റെടുത്തു. ഫൈനലിൽ മൂന്ന് വിക്കറ്റുണ്ട്. ജോഷ് ഹാസെൽവുഡിന് പതിനഞ്ചും ക്രുണാൽ പാണ്ഡ്യക്ക് പതിനാലും വിക്കറ്റുണ്ട്.
ബംഗളൂരുവിന്റെ പരിശീലകസംഘവും വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ബാറ്റിങ് കോച്ചായി ദിനേഷ് കാർത്തികിന്റെ ഇടപെടലുകൾ കളിയുടെ ഗതിമാറ്റി. കോഹ്‌ലിയെ മാറ്റിനിർത്തിയാൽ ബംഗളൂരു ഒരു ശരാശരി ടീമാണ്. ഓരോ കളിക്കാരനെയും ആവശ്യത്തിനനുസരിച്ച് ഫലപ്രദമായി ഉപയോഗിച്ചതിലാണ് മിടുക്ക്.
രജത് പടീദാർ ക്യാപ്‌റ്റനായി മികവുകാട്ടി. ഓപ്പണറായി തുടക്കത്തിൽ കോഹ്‌ലിക്കൊപ്പം ഫിൽ സാൾട്ടായിരുന്നു. പിന്നീട് ജേക്കബ് ബെതൽ വന്നു. അവസാന മൂന്ന് കളിയിൽ വെങ്കിടേഷ് അയ്യരായി കൂട്ട്. കോഹ്‌ലി മാൻ ഓഫ് ദി മാച്ചായപ്പോൾ രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി ഐപിഎല്ലിലെ താരമായി. ജേതാക്കൾക്ക് 20 കോടി ലഭിച്ചു.
കഴിഞ്ഞ തവണ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചിരുന്നു. അതിനാൽ ഇക്കുറി പൊതുസ്ഥലത്തെ ആഘോഷം ഒഴിവാക്കി.
മൂന്ന് ടീമുകൾക്കാണ് ഇതുവരെ കിരീടം നിലനിർത്താൻ സാധിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പർ കിങ്സും (2010, 2011) മുംബൈ ഇന്ത്യൻസും (2019, 2020) ഇതിനുമുമ്പ് ഇൗ നേട്ടം കൈവരിച്ചു.









0 comments