print edition ബംഗളൂരു ഫെെനലിൽ; ഗുജറാത്തിനെ 92 റണ്ണിന് തോൽപ്പിച്ചു

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങളുടെ ആഘോഷം | PHOTO: BCCI
ധർമശാല: ഗുജറാത്ത് ടൈറ്റൻസിനെ 92 റണ്ണിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത് ബംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റണ്ണാണ് അടിച്ചുകൂട്ടിയത്. മറുപടിക്കെത്തിയ ഗുജറാത്തിന് ബാറ്റുയർത്താനായില്ല. 19.3 ഓവറിൽ 162 റണ്ണിന് കൂടാരം കയറി. തോറ്റെങ്കിലും ഗുജറാത്തിന്റെ സാധ്യത അവസാനിച്ചില്ല.
ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിലെ വിജയികളെ തോൽപ്പിച്ചാൽ ഫൈനലിൽ കടക്കാം. വെള്ളിയാഴ്‌ചയാണ് രണ്ടാം ക്വാളിഫയർ. ഞായറാഴ്‌ച ഫൈനൽ.
കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ മൂന്ന് വിക്കറ്റുമായി ജേക്കബ് ഡഫി തകർത്തു. റാസിഖ് ദാറും ഭുവനേശ്വർ കുമാറും ക്രുണാൾ പാണ്ഡ്യയും രണ്ടെണ്ണം വീതം നേടി. 68 റണ്ണെടുത്ത രാഹുൽ ടെവാട്ടിയയാണ് ടോപ് സ്‌കോറർ. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ രണ്ട് റണ്ണെടുത്ത് പുറത്തായി.
പ്ലേ ഓഫിലെ എക്കാലത്തെയും മികച്ച സ്‌കോറാണ് ബംഗളൂരു കുറിച്ചത്. ബാറ്റ് എടുത്തവരെല്ലാം റൺ മെഷീനുകളായി. 33 പന്തിൽ 93 റണ്ണുമായി ക്യാപ്‌റ്റൻ രജത് പടീദാർ നേതൃത്വം നൽകി. ഒന്പത് സിക്‌സറുകളും അഞ്ച് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. വിരാട് കോഹ്‌ലി (25 പന്തിൽ 43), ക്രുണാൾ പാണ്ഡ്യ (28 പന്തിൽ 43), ദേവ്‌ദത്ത് പടിക്കൽ (19 പന്തിൽ 30), വെങ്കിടേഷ് അയ്യർ (7 പന്തിൽ 19) എന്നിവരും മിന്നി.
മുഹമ്മദ് സിറാജിനെ തുടർച്ചയായ രണ്ട് ബൗണ്ടറികൾ പറത്തിയാണ് വെങ്കിടേഷ് ബംഗളൂരുവിനായി തുടങ്ങിയത്. രണ്ടാം ഓവറിൽ കഗീസോ റബാദയുടെ പന്തിൽ പുറത്താകുന്പോൾ ഒരു സിക്‌സറും മൂന്ന് ഫേ-ാറും ആ ഇന്നിങ്‌സിലുണ്ടായിരുന്നു.
കോഹ്‌ലി ഉറച്ചു, കൂട്ടിന് ദേവ്‌ദത്തും. ബംഗളൂരു സ്‌കോർ നാലോവറിൽ 50 കടന്നു. ഒരറ്റത്ത് റാഷിദ് ഖാൻ എത്തിയതോടെയാണ് റണ്ണൊഴുക്കിന് വേഗം കുറഞ്ഞത്. അതിന്റെ പ്രതിഫലനം അടുത്ത ഓവറിലുണ്ടായി. ഒന്പതാം ഓവറിൽ ജാസൺ ഹോൾഡർ കോഹ്‌ലിയുടെ കുറ്റി പിഴുതു. ദേവ്‌ദത്തിനെയും മടക്കി. ക്യാപ്‌റ്റനും ക്രുണാളും സാഹചര്യം മനസിലാക്കിയാണ് ബാറ്റ് വീശിയത്. പതിനഞ്ചാം ഓവറിൽ കുൽവന്ത് കെജ്‌റോളിയയുടെ ആ ഓവറിൽ 28 റണ്ണാണ് അടിച്ചുകൂട്ടിയത്. പത്തൊന്പതാം ഓവറിൽ സിറാജിനെ 21 റണ്ണിന് ശിക്ഷിച്ചു.










0 comments