ad
Deshabhimani

വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി രോഹിത് ശർമ്മ; വിമർശനങ്ങൾ ബാധിക്കില്ല, ലക്ഷ്യം 2027 ലോകകപ്പ്

Rohit Sharma.jpg

രോഹിത് ശർമ്മ

വെബ് ഡെസ്ക്

Published on Jul 20, 2026, 01:22 PM | 1 min read

ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടത്തിന് പിന്നാലെ ഉയർന്നുവന്ന തന്റെ അന്താരാഷ്ട്ര വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി രോഹിത് ശർമ്മ. മൂന്നാം ഏകദിനത്തിലെ തോൽവിക്ക് ശേഷം ബിസിസിഐക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. മത്സരത്തിൽ രോഹിത് തകർപ്പൻ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്ത്യ 27 റൺസിന് പരാജയപ്പെടുകയും മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കുകയും ചെയ്തു.


പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും യഥാക്രമം 11, 26 റൺസ് മാത്രമാണ് രോഹിതിന് നേടാനായിരുന്നത്. ഇതോടെ മൂന്നാം ഏകദിനത്തിന് ശേഷം രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷവും രോഹിത് ഇന്ത്യയ്ക്കായി കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം നേരിട്ട് രംഗത്തെത്തിയത്. നിലവിൽ ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.


കരിയറിന്റെ തുടക്കം മുതൽ കേൾക്കുന്നതാണ് പുറത്തുനിന്നുള്ള ഇത്തരം ശബ്ദങ്ങൾ, അതെന്നെ ബാധിക്കാറില്ല. ബാറ്റ് കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുക, രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് മാത്രമാണ് എന്റെ ജോലി. ഞാൻ ഉള്ളിടത്തോളം കാലം ഇത്തരം ചർച്ചകൾ പുറത്തുണ്ടാകും. എനിക്ക് പ്രധാനം കളിക്കളത്തിൽ എന്ത് ചെയ്യുന്നു എന്നതുമാത്രമാണ്. പുറത്ത് ചർച്ചകൾ ഇല്ലെങ്കിൽ ഒരു രസവുമില്ല. എന്റെ ജോലി ഗ്രൗണ്ടിനകത്താണ്, അവരുടെ ജോലി പുറത്താണ്, ഞാൻ അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ, രോഹിത് ശർമ്മ പറഞ്ഞു.


ലണ്ടനിലെ ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 110 പന്തിൽ 17 ഫോറുകളും 5 സിക്സറുകളും അടക്കം 138 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ച് ടീമിനുള്ളിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മത്സരശേഷം വ്യക്തമാക്കിയിരുന്നു. 2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനും രാജ്യത്തിനായി കിരീടം നേടാനും താൻ ആഗ്രഹിക്കുന്നുവെന്ന് ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഐസിസി ചടങ്ങിൽ രോഹിത് വെളിപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home