രോഹിതിന്റെ ബാറ്റിന് അനുമതി നിഷേധിച്ചു, പിന്നാലെ ക്ലിയറൻസ്; അംപയറുമായി തർക്കം

രോഹിത് ശര്‍മയുടെ ബാറ്റ് പരിശോധിക്കുന്നു | Screengrab
മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിന് മുൻപുള്ള ബാറ്റ് പരിശോധനയിൽ അംപയറുമായി തർക്കിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് താരവുമായ രോഹിത് ശർമ. മത്സരത്തിൽ മുംബൈയ്ക്കായി ഓപ്പണര്‍മാരായ രോഹിതും റയാൻ റിക്കിൾട്ടനും ഇറങ്ങാൻ നിൽക്കവെയാണ് സംഭവം.
ബാറ്റുകൾ ‘ഗേജ് പരിശോധന’യ്ക്ക് വിധേയമാക്കണമെന്ന് അംപയർമാർ ആവശ്യപ്പെട്ടു. ആദ്യം ബാറ്റ് പരിശോധനയിൽ രോഹിത് പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇതിൽ അസ്വസ്ഥനായ രോഹിത് തന്റെ ബാറ്റിന് ഒരു കുഴപ്പവുമില്ലെന്ന് അംപയറെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇത് ചെറിയ തർക്കത്തിലേക്കും വഴിവെച്ചു. പിന്നാലെ രോഹിതിന് പിന്തുണയുമായി തിലക് വർമയും അംപയറോട് സംസാരിച്ചു. രിശോധന നടത്തിയ ഉപകരണം ശരിയായ രീതിയിലല്ല ഉപയോഗിച്ചതെന്ന് തിലക് വർമ ചൂണ്ടിക്കാട്ടി. തുടർന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് രോഹിതിന്റെ ബാറ്റിന് അനുമതി ലഭിച്ചത്.
ബാറ്റ് ഗേജ് ടെസ്റ്റ്
ബാറ്റുകളുടെ വലിപ്പത്തിൽ കൃത്രിമം കാണിച്ച് താരങ്ങൾ ആനുകൂല്യം നേടുന്നത് തടയാനായി 2025-ലെ ഐപിഎൽ മുതലാണ് അംപയർമാർ ഗ്രൗണ്ടിൽ വെച്ച് തന്നെ ബാറ്റ് പരിശോധിക്കുന്ന രീതി ആരംഭിച്ചത്. ബാറ്റിന്റെ അളവുകൾ പരിശോധിക്കുന്നത് നിലവിലുള്ള രീതിയാണെങ്കിലും, 2024 വരെ ഇത് ഡ്രസിംഗ് റൂമിനുള്ളിലാണ് നടന്നിരുന്നത്. എന്നാൽ ഐഎപില്ലിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾ വർധിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് കളി നടക്കുമ്പോൾ പോലും ആവശ്യമെന്നു തോന്നിയാൽ ഏത് ബാറ്റ് വേണമെങ്കിലും പരിശോധിക്കാൻ അംപയർമാർക്ക് അധികാരമുണ്ട്.
മിന്നിച്ച് ബംഗളൂരു
വാംഖഡെയിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെടിക്കെട്ടിൽ ചാമ്പലായി മൂന്നാം തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. 36 പന്തിൽ 78 റണ്ണുമായി ഓപ്പണർ ഫിൽ സാൾട്ട് തിരികൊളുത്തിയപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 240 റണ്ണാണ് ബംഗളൂരു അടിച്ചുകൂട്ടിയത്. ക്യാപ്‌റ്റൻ രജത് പടിദാർ (20 പന്തിൽ 50), വിരാട് കോഹ്‌ലി (38 പന്തിൽ 50), ടിം ഡേവിഡ് (16 പന്തിൽ 34*) എന്നിവരും തകർത്തടിച്ചു. മുംബൈയുടെ മറുപടി അഞ്ചിന് 225ൽ അവസാനിച്ചു.
31 പന്തിൽ 71 റണ്ണുമായി പുറത്താകാതെനിന്ന ഷെർഫാനെ റുഥെർ-ഫോർഡാണ് മുംബൈക്കായി പൊരുതിയത്. ഒന്പത് സിക്‌സറായിരുന്നു ഇന്നിങ്‌സിൽ. രോഹിത് ശർമ (19) പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി.










0 comments