കലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും; അഖിൽ സ്കറിയ വൈസ് ക്യാപ്റ്റൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലും കലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും. അഖിൽ സ്കറിയ വൈസ് ക്യാപ്റ്റനായി തുടരും. ടൂർണമെന്റിന്റെ ആദ്യ സീസൺ മുതൽ ടീമിന്റെ ഭാഗമാണ് ഇരുവരും. കഴിഞ്ഞ സീസണുകളിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഗ്ലോബ്‌സ്റ്റാർസ്.
ഹെഡ് കോച്ച് എൻ പി ബിജുമോന്റെയും കോച്ചിങ് സ്റ്റാഫിന്റെയും മേൽനോട്ടത്തിൽ ടീം നിലവിൽ തിരുവനന്തപുരത്ത് പരിശീലനം നടത്തിവരികയാണ്. തുമ്പ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ ടീമിലെ 16 അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. 20 ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലെ ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ. 20 മുതൽ സെപ്റ്റംബർ 5 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. നേതൃനിര വ്യക്തമായതോടെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ തുടക്കം കുറിക്കാനാണ് കലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ലക്ഷ്യമിടുന്നത്.










0 comments