ad
Deshabhimani

വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണം; യുവതാരത്തെ പ്രശംസിച്ച് റിയാൻ പരാഗ്

vaibhav

വൈഭവ് സൂര്യവംശി

വെബ് ഡെസ്ക്

Published on May 30, 2026, 01:06 PM | 1 min read

തിരുവനന്തപുരം : ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് പുറത്തായെങ്കിലും, സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത യുവ ഓപ്പണർ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കണമെന്ന് ക്യാപ്റ്റൻ റിയാൻ പരാഗ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 47 പന്തിൽ 96 റൺസുമായി വൈഭവ് വീണ്ടും തിളങ്ങിയിരുന്നു. 15കാരനായ വൈഭവിന് ബിസിസിഐ എത്രയും വേഗം ഇന്ത്യൻ ട്വന്റി20 ടീമിൽ അരങ്ങേറ്റത്തിന് അവസരം നൽകണമെന്ന് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയോട് മുൻ താരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നതിനിടയിലാണ് രാജസ്ഥാൻ നായകന്റെയും പ്രതികരണം.


വൈഭവിന്റെ ബാറ്റിങിനെ വാക്കുകളിൽ വിവരിക്കാൻ എനിക്ക് കഴിയില്ല. ഇത് വെറുതെ വന്ന് അടിച്ചുകളിക്കുന്ന രീതിയല്ല, മികച്ച ക്രിക്കറ്റിങ് ഷോട്ടുകളാണ് അവൻ കളിക്കുന്നത്. ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന ഒരാൾക്ക് ഇങ്ങനെ റൺസ് നേടാനാകില്ല. അവൻ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാണ് ബാറ്റ് ചെയ്യുന്നത്. അവൻ രാജ്യത്തെ പ്രതിനിധീകരിച്ച് കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മത്സരശേഷം പരാഗ് പറഞ്ഞു.


മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 215 റൺസ് പ്രതിരോധിക്കാൻ കഴിയുന്ന സ്കോർ ആയിരുന്നെന്നും എന്നാൽ രണ്ടാം ഇന്നിങ്സിൽ പിച്ചിലെ ഹെവി റോളർ പ്രയോഗം ബാറ്റിങ് കൂടുതൽ എളുപ്പമാക്കിയെന്നും പരാഗ് വിലയിരുത്തി. ഒരു ഘട്ടത്തിൽ 230 റൺസ് വരെ നേടുമെന്ന് കരുതിയിരുന്നെങ്കിലും അവസാന ഓവറുകളിൽ 15-20 റൺസ് കുറഞ്ഞുപോയത് തിരിച്ചടിയായി. ഗുജറാത്തിന്റെ ശക്തമായ ബാറ്റിങ് നിരയ്ക്കെതിരെ അവരുടെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ പുറത്താക്കേണ്ടിയിരുന്നു, എന്നാൽ അതിന് സാധിച്ചില്ലെന്നും പരാഗ് കൂട്ടിച്ചേർത്തു.


പരിചയസമ്പന്നരായ കളിക്കാർ കുറവായിരുന്നിട്ടും ടീം പ്ലേ ഓഫിലെത്തിയതിൽ പരാഗ് സന്തോഷം രേഖപ്പെടുത്തി. ഒരുപാട് യുവതാരങ്ങളും കുറഞ്ഞ ഐപിഎൽ പരിചയവുമുള്ള ഒരു ടീമായിരുന്നു ഞങ്ങളുടേത്പ്ലേ- ഓഫിൽ കടക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഒരു പുതിയ തുടക്കമായിരുന്നു ഇത് എന്നും താരം കൂട്ടിച്ചേർത്തു. മത്സരത്തിൽ ഗുജറാത്തിന്റെ ശുഭ്മാൻ ഗിൽ, സായ് സുദർശൻ എന്നിവരുടെ 167 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാജസ്ഥാന്റെ ഫൈനൽ മോഹങ്ങൾ തകർത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home