രോഹിത്തും കോഹ്‌ലിയും നേർക്കുനേർ; വാംഖഡെയിൽ ഇന്ന് 'ക്ലാസിക്' പോരാട്ടം

മുംബൈ: ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനോടേറ്റ കനത്ത തോൽവികളുടെ ആഘാതത്തിൽ നിന്നും കരകയറാൻ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ വരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിട്ട ഇരു ടീമുകൾക്കും ടേബിളിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.
കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം വിജയിച്ച മുംബൈയും, മികച്ച തുടക്കത്തിന് ശേഷം രാജസ്ഥാനോട് അടിപതറിയ ആർസിബിയും വാംഖഡെ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.
മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് അവരുടെ ബൗളിംഗ് നിരയിലെ പോരായ്മകൾ വലിയ ആശങ്കയുണ്ടാക്കുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി വെറും 10 വിക്കറ്റുകൾ മാത്രമാണ് മുംബൈ ബൗളർമാർക്ക് വീഴ്ത്താനായത്. ജസ്പ്രീത് ബുംറയെ അമിതമായി ആശ്രയിക്കുന്നതും ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ തുടങ്ങിയ മുൻനിര താരങ്ങൾ റൺസ് വഴങ്ങുന്നതും ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിനെ വലയ്ക്കുന്നുണ്ട്.
എന്നാൽ പരിക്കിന് ശേഷം ഓൾറൗണ്ടർ മിച്ചൽ സാന്റ്നർ ടീമിൽ തിരിച്ചെത്തുന്നത് അവർക്ക് ആശ്വാസം നൽകിയേക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ബോൾട്ടിന് പഴയ വേഗതയും കൃത്യതയും കണ്ടെത്താൻ കഴിയാത്തത് മുംബൈയുടെ പവർപ്ലേ ഓവറുകളെ ബാധിക്കുന്നുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കഴിഞ്ഞ തോൽവി വലിയ ആശങ്ക നൽകുന്നില്ലെങ്കിലും ബൗളിംഗിൽ ചില മാറ്റങ്ങൾ വരുത്താൻ അവർ ആലോചിക്കുന്നുണ്ട്. രാജസ്ഥാനെതിരെ റൺസ് വഴങ്ങിയ അഭിനന്ദൻ സിംഗിന് പകരം 5.2 കോടി രൂപയ്ക്ക് ടീമിലെടുത്ത ഇടങ്കയ്യൻ പേസർ മങ്കേഷ് യാദവിനെയോ റാസിഖ് സലാമിനെയോ പരീക്ഷിക്കാൻ സാധ്യതയുണ്ട്.
ബാറ്റിംഗിൽ രജത് പാട്ടിദാർ, ദേവ്ദത്ത് പടിക്കൽ എന്നിവർ തകർപ്പൻ ഫോമിലാണ്. കൂടാതെ മുംബൈയിൽ നിന്നും ആർസിബിയിലെത്തിയ ടിം ഡേവിഡ് ഡെത്ത് ഓവറുകളിൽ 236.58 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നത് മുംബൈയ്ക്ക് വലിയ വെല്ലുവിളിയാകും.
മുംബൈയുടെയും ബംഗളൂരുവിന്റെയും പോരാട്ടങ്ങളിൽ എന്നും ശ്രദ്ധാകേന്ദ്രം വിരാട് കോലിയും രോഹിത് ശർമ്മയും തമ്മിലുള്ള മാറ്റുരയ്ക്കലാണ്. ഐപിഎല്ലിൽ ഇത് ഇരുവരുടെയും 35-ാം നേർക്കുനേർ മത്സരമാണ്.
റൺവേട്ടയിൽ കോലി മുന്നിലാണെങ്കിലും രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് ടൂർണമെന്റിലേക്ക് തിരികെ വരാൻ മുംബൈയെ സഹായിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. മഞ്ഞുതുള്ളികൾ വില്ലനാകാൻ സാധ്യതയുള്ള വാംഖഡെയിൽ ടോസ് നിർണ്ണായകമായിരിക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ഇവിടെ കൂടുതൽ വിജയസാധ്യത കൽപ്പിക്കപ്പെടുന്നു.









0 comments