ad
Deshabhimani

ആരാധകർക്ക് ആദരമർപ്പിക്കാൻ ആർസിബി; ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഇനി എന്നും ഒഴിച്ചിടും

rcb
വെബ് ഡെസ്ക്

Published on Mar 24, 2026, 01:24 PM | 1 min read

ബെംഗളൂരു: കഴിഞ്ഞ വർഷം ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായ 11 ആരാധകർക്ക് ആദരമർപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരും കർണാടക ക്രിക്കറ്റ് അസോസിയേഷനും പ്രത്യേക നടപടികൾ കൈക്കൊണ്ടു.


എം ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിൽ ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിക്കുന്ന സ്മാരക ഫലകം സ്ഥാപിച്ചു. കൂടാതെ, അവരുടെ സ്മരണയ്ക്കായി സ്റ്റേഡിയത്തിൽ 11 സീറ്റുകൾ സ്ഥിരമായി ഒഴിച്ചിടാനും തീരുമാനിച്ചു. ഐപിഎൽ മത്സരങ്ങൾ മാത്രമല്ല, അന്താരാഷ്ട്ര മത്സരങ്ങളിലും ഈ സീറ്റുകൾ ഒഴിഞ്ഞ നിലയിൽ നിലനിർത്തും.


ദുരന്തത്തെ ഓർക്കുന്നത് വേദനാജനകമാണെങ്കിലും, അവരുടെ സ്മരണ നിലനിറുത്താനാണ് ഈ നടപടികളെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ വെങ്കിടേഷ് പ്രസാദ് പറഞ്ഞു.


മാർച്ച് 28 ന് നടക്കുന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മത്സരത്തിന് മുമ്പായി മരിച്ചവർക്കായി ഒരു മിനിറ്റ് മൗനം ആചരിക്കും. കൂടാതെ, അവരുടെ പേരുകൾ സ്റ്റേഡിയത്തിലെ വൻ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.


കഴിഞ്ഞ വർഷത്തെ ദുരന്തത്തെ തുടർന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ഇതിനകം മോക്ക് ഡ്രില്ലുകൾ നടത്തിയതോടൊപ്പം, 500 വോളണ്ടിയർമാരെ ഉൾപ്പെടുത്തി കൂടുതൽ വിപുലമായ പരിശോധനയും നടത്തും.


കർണാടക സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സ്റ്റേഡിയത്തിൽ വിശദമായ പരിശോധന നടത്തിയതിന് പിന്നാലെ ഐപിഎൽ മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടത്താൻ അനുമതി നൽകിയിരുന്നു. ഈ സീസണിൽ ആർസിബിയുടെ ഏഴ് ഹോം മത്സരങ്ങളിൽ അഞ്ചെണ്ണം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിലും നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home