print edition ബംഗളൂരു സാൾട്ട്

ഐപിഎൽ ക്രിക്കറ്റിൽ മുംബെെ ഇന്ത്യൻസിനെതിരെ അർധ സെഞ്ചുറി നേടിയ ഫിൽ സാൾട്ട് (വലത്ത്) ആരാധകരെ അഭിവാദ്യം ചെയ്യുന്നു. വിരാട് കോഹ്‍ലി സമീപം. photo credit: Royal Challengers Bengaluru facebook
മുംബൈ: വാംഖഡെയിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെടിക്കെട്ടിൽ മുംബൈ ഇന്ത്യൻസ് ചാമ്പലായി. ഐപിഎൽ ക്രിക്കറ്റിൽ മുംബൈയെ 18 റണ്ണിന് തോൽപ്പിച്ച് മൂന്നാംജയം സ്വന്തമാക്കി. മുംബൈയുടെ മൂന്നാം തോൽവിയാണ്. 36 പന്തിൽ 78 റണ്ണുമായി ഓപ്പണർ ഫിൽ സാൾട്ട് തിരികൊളുത്തിയപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 240 റണ്ണാണ് ബംഗളൂരു അടിച്ചുകൂട്ടിയത്.
ക്യാപ്‌റ്റൻ രജത് പടിദാർ (20 പന്തിൽ 50), വിരാട് കോഹ്‌ലി (38 പന്തിൽ 50), ടിം ഡേവിഡ് (16 പന്തിൽ 34*) എന്നിവരും തകർത്തടിച്ചു. മുംബൈയുടെ മറുപടി അഞ്ചിന് 225ൽ അവസാനിച്ചു. ടോസ് നേടി ബംഗളൂരുവിനെ ബാറ്റിങ്ങിന് അയച്ചപ്പോൾ മുംബൈ ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ പ്രതീക്ഷിച്ചതൊന്നുമല്ല വാംഖഡെ സ്‌റ്റേഡിയത്തിൽ കണ്ടത്. നേരിട്ട മൂന്നാം പന്തിൽ ട്രെന്റ് ബോൾട്ടിനെ സിക്‌സർ പറത്തി കോഹ്‌ലി സൂചന നൽകി. എങ്കിലും ആദ്യ അഞ്ചോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്ണെന്ന നിലയിലെത്താനേ കഴിഞ്ഞുള്ളൂ. പക്ഷേ, പവർ പ്ലേയിലെ അവസാന ഓവർ സ്‌പിന്നർ മിച്ചെൽ സാന്റ്‌നെറെ ഏൽപ്പിക്കാനുള്ള ഹാർദിക്കിന്റെ തീരുമാനം റണ്ണിന്റെ മലവെള്ളപ്പാച്ചിലിന് അവസരമൊരുക്കുന്നതുപോലെയായി.
തുടർച്ചയായ മൂന്ന് സിക്‌സറും ഫോറും കൊണ്ട് സാൾട്ട് വരവേറ്റു. മറ്റൊരു സ്‌പിന്നർ മായങ്ക് മാർക്കണ്ഡെയെ ശിക്ഷിച്ചത് 20 റണ്ണിന്. 25 പന്തിൽ അർധസെഞ്ചുറിയും ഇംഗ്ലീഷുകാരൻ പൂർത്തിയാക്കി. ശാർദുൾ ഠാക്കൂറാണ് സാൾട്ടിനെ മടക്കുന്നത്. അപ്പോഴേക്കും ഒന്നാം വിക്കറ്റിൽ 120 റൺ കൂട്ടിച്ചേർത്തിരുന്നു. സാൾട്ടിന്റെ ഇന്നിങ്‌സിൽ ആറ് സിക്‌സറും നാല് ഫോറും ഉൾപ്പെട്ടു. കോഹ്‌ലിക്ക് കൂട്ടായെത്തിയ പടിദാർ മാർക്കണ്ഡെയെ മൂന്ന് സിക്‌സറുകൾ പറത്തി വരവറിയിച്ചു. 20 പന്തിലാണ് അർധസെഞ്ചുറി. അഞ്ച് സിക്‌സറും നാല് ഫോറും. 31 പന്തിൽ 71 റണ്ണുമായി പുറത്താകാതെനിന്ന ഷെർഫാനെ റുഥെർ-ഫോർഡാണ് മുംബൈക്കായി പൊരുതിയത്. ഒന്പത് സിക്‌സറായിരുന്നു ഇന്നിങ്‌സിൽ. രോഹിത് ശർമ (19) പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി.
ഐപിഎൽ പോയിന്റ് പട്ടിക
ടീം | കളി | ജയം | തോൽവി | പോയിന്റ് |
രാജസ്ഥാൻ | 4 | 4 | 0 | 8 |
പഞ്ചാബ് | 4 | 3 | 0 | 7 |
ബംഗളൂരു | 4 | 3 | 1 | 6 |
ഡൽഹി | 4 | 2 | 2 | 4 |
ഗുജറാത്ത് | 4 | 2 | 2 | 4 |
ലഖ്‌നൗ | 4 | 2 | 2 | 4 |
ഹെെദാരാബാദ് | 4 | 1 | 3 | 2 |
മുംബൈ | 4 | 1 | 3 | 2 |
ചെന്നൈ | 4 | 1 | 3 | 2 |
കൊൽക്കത്ത | 4 | 0 | 3 | 1 |










0 comments