രഞ്‌ജി ട്രോഫി: കേരളം പൊരുതുന്നു; ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് അർധസെഞ്ചുറി

അർധസെഞ്ചുറി നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം പൊരുതുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നാലുവിക്കറ്റുകൾ നഷ്ടമായി. 75 ഓവറുകൾ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലാണ് കേരളം ബാറ്റിങ് തുടരുന്നത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് (156 പന്തിൽ 53) കേരളത്തിന്റെ പ്രതീക്ഷ. സച്ചിന് പിന്തുണയുമായി മുഹമ്മദ് അസ്‌ഹറുദ്ദീനും (25 പന്തിൽ 6) ക്രീസിലുണ്ട്. ഓപ്പണർമാരായ അക്ഷയ് ചന്ദ്രൻ (71 പന്തിൽ 30), രോഹൻ എസ് കുന്നുമ്മൽ (68 പന്തിൽ 30), വരുൺ നായനാർ (55 പന്തിൽ 10), ജലജ് സക്സേന (83 പന്തിൽ 30) എന്നിവരെയാണ് കേരളത്തിന് നഷ്ടമായത്.
രണ്ടാംതവണയാണ് കേരളം സെമി കളിക്കുന്നത്. 2019ൽ ഗുജറാത്തിനെ 113 റണ്ണിന് തകർത്താണ് കേരളം ആദ്യമായി സെമി കളിച്ചത്. എന്നാൽ, വിദർഭയോട് ഇന്നിങ്‌സിനും 11 റണ്ണിനും തോറ്റു. ആറ് വർഷം മുമ്പത്തെ ഓർമകളുമായാണ് ഇക്കുറി സെമി. എട്ട് കളിയും തോൽക്കാതെയാണ് കുതിപ്പ്. ക്വാർട്ടറിൽ ജമ്മുകശ്‌മീരിനെതിരെ ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് തുണയായത്. ഗ്രൂപ്പ്‌ഘട്ടത്തിൽ ഏഴിൽ മൂന്ന് കളി ജയിച്ചു. നാലെണ്ണം സമനിലയായി. പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ ടീമുകളെ തോൽപ്പിച്ചു. കർണാടക, ബംഗാൾ, ഹരിയാന, മധ്യപ്രദേശ് ടീമുകളോട് സമനില.
ഗുജറാത്തും ഒറ്റക്കളിയും തോൽക്കാതെയാണ് സെമിയിലെത്തിയത്. 2017ൽ പാർത്ഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ കപ്പടിച്ചവരാണ്. ക്വാർട്ടറിൽ സൗരാഷ്‌ട്രയെ തോൽപ്പിച്ചു. ജയ്‌മീത് പട്ടേലാണ് ബാറ്റിങ്നിരയുടെ ആണിക്കല്ല്. എട്ട് കളിയിൽ രണ്ട് സെഞ്ചുറിയും നാല് അർധസെഞ്ചുറിയുമടക്കം 582 റണ്ണടിച്ചു. മനൻ ഹിൻഗ്രാജിയയും (581) ഉമങ്കുമാറും (453) റണ്ണടിക്കാരാണ്. ക്വാർട്ടറിൽ ജയ്‌മീതിനൊപ്പം വിക്കറ്റ്‌കീപ്പർ ഉർവിൽ പട്ടേലും സെഞ്ചുറി നേടിയിരുന്നു. ചിന്തൻ ഗജയാണ് ക്യാപ്‌റ്റൻ. സ്‌പിൻ ബൗളിങ്ങാണ് മുഖ്യ ആയുധം. സിദ്ധാർഥ് ദേശായ് 35 വിക്കറ്റെടുത്തു. ഇന്ത്യൻ താരമായ രവി ബിഷ്‌ണോയിയും ടീമിലുണ്ട്.
രണ്ടാംസെമിയിൽ മുംബൈയ്ക്കെതിരെ ടോസ് നേടിയ വിദർഭ ബാറ്റിങ് തെരഞ്ഞെടുത്തു. 71 ഓവറുകൾ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന നിലയിലാണ് വിദർഭ.









0 comments