ഐപിഎൽ 2026
രാജസ്ഥാൻ റോയൽസ് ടീം കൈമാറ്റത്തിൽ വിവാദം

റിയാൻ പരാഗ് (Photo Credit BCCI)
ജയ്പൂർ : ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം കൈമാറിയ നടപടി വിവാദത്തിലേക്ക്. മിത്തൽ കുടുംബവും അദർ പൂനവാലയും ചേർന്ന സഖ്യം 1.65 ബില്യൺ ഡോളറിന് ടീമിനെ ഏറ്റെടുത്തതിന് പിന്നാലെ, ലേല നടപടികളിൽ നിന്ന് തഴയപ്പെട്ട അമേരിക്കൻ നിക്ഷേപക ഗ്രൂപ്പ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
പ്രമുഖ സംരംഭകൻ കൽ സോമാനി, വാൾട്ടൺ കുടുംബം എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് റോയൽസ് മാനേജ്‌മെന്റിനെതിരെ പ്രസ്താവനയിറക്കിയത്. കഴിഞ്ഞ ആറ് മാസമായി നടന്ന ചർച്ചകളിൽ തങ്ങളായിരുന്നു മുന്നിലെന്നും എന്നാൽ അവസാന നിമിഷം സുതാര്യമല്ലാത്ത രീതിയിൽ തങ്ങളെ പുറന്തള്ളുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് സോമാനി ഗ്രൂപ്പിന്റെ ബിഡ് (ലേലത്തുക) തള്ളിയതെന്ന വാർത്തകളെ ഇവർ പൂർണമായും നിഷേധിച്ചു. തങ്ങൾ സാമ്പത്തികമായി ശക്തരായിരുന്നുവെന്നും ലേല നടപടികളിൽ ഒരിടത്തും തുല്യമായ അവസരമല്ല ലഭിച്ചതെന്നും ഗ്രൂപ്പ് വ്യക്തമാക്കി.
എൻഎഫ്എൽ, ഇപിഎൽ തുടങ്ങിയ പ്രമുഖ ആഗോള ലീഗുകളിൽ നിക്ഷേപമുള്ള വമ്പന്മാരെ അണിനിരത്തിയാണ് സോമാനി ഗ്രൂപ്പ് എത്തിയത്. ശനിയാഴ്ച നടന്ന ബോർഡ് യോഗം തങ്ങളുടെ ബിഡിന് അംഗീകാരം നൽകുമെന്നാണ് കരുതിയതെന്നും എന്നാൽ അപ്രതീക്ഷിതമായാണ് തങ്ങൾ തഴയപ്പെട്ടതെന്നും ഇവർ പറയുന്നു. സോമാനി ഗ്രൂപ്പിന്റെ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ നിയമപോരാട്ടങ്ങൾക്ക് വഴിതുറന്നേക്കാം. ഇത് മിത്തൽ-പൂനവാല സഖ്യത്തിന്റെ ഏറ്റെടുക്കൽ നടപടികളെ നിയമക്കുരുക്കിലാക്കാനാണ് സാധ്യത.










0 comments